'കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായത്തിൽ 6.15 ശതമാനത്തിൻ്റെ കുറവ്': സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ
2024-25 വർഷം കേരളം ഉയർന്ന വളർച്ച കൈവരിച്ചതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ വച്ചു. 2024-25 വർഷം കേരളം ഉയർന്ന വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ജിഎസ്ഡിപിയിൽ 6.19 ശതമാനം വളർച്ച നേടി. എന്നാൽ ധനകമ്മിയും റവന്യു കമ്മിയും കൂടി.
കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായത്തിൽ 6.15 ശതമാനത്തിൻ്റെ കുറവ് വന്നെന്ന് എടുത്ത് പറഞ്ഞാണ് സാമ്പത്തിക അവലോകന റിപ്പോർട്ട്. സംസ്ഥാനത്തിൻ്റെ മൊത്ത വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിൻ്റെ വർധനയുണ്ടായി. 2024-25ൽ 1,24,861.07 കോടി രൂപയായിരുന്നു മൊത്ത വരുമാനം. ആഭ്യന്തര ഉദ്പാദനത്തിൽ 6.19 ശതമാനം വളർച്ച നേടി. ഉയർന്ന പ്രതിശീർഷ GSDPയുള്ള രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലൊന്നായി കേരളം.
തനതു വരുമാന വർധന 2.7 ശതമാനമാണ്. തനതു നികുതി വരുമാന വർധന 3.1 ശതമാനമായി. മൊത്തം ചെലവിൻ്റെ വളർച്ച 2023-24 ലെ 0.5 ശതമാനത്തിൽ നിന്ന് 2024- 25 ൽ 9 ശതമാനമായി. സംസ്ഥാനം അനുഭവിക്കുന്ന പ്രശ്നങ്ങൾ തുടരുമെന്ന് റിപ്പോർട്ടിലുണ്ട്.
ധനകമ്മി 3.02 ശതമാനതിൽ നിന് 3.86 ശതമാനമായി ഉയർന്നു. റവന്യു കമ്മി 1.6 ശതമാനത്തിൽ നിന്ന് 2.49 ശതമാനമായും ഉയർന്നിട്ടുണ്ട്. റവന്യൂ ചിലവും മൂലധനവും വർദ്ധിച്ചു. സേവന മേഖലകളിലും അടിസ്ഥാന സൗകര്യ വികസനത്തിലും നേട്ടം കൈവരിച്ചതായും സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു. സാമ്പത്തിക അവലോകന റിപ്പോർട്ട് പരിഗണിച്ചാണ് നാളത്തെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അത് കണ്ടുള്ള ജനപ്രിയ ബജറ്റാവുമെന്ന കാര്യത്തിൽ സംശയമുണ്ടാവില്ല.
Adjust Story Font
16

