Quantcast

പിണറായിയുടെ വീട്ടിലെ ഇഡി റെയ്‌ഡ്; പ്രതിഷേധവുമായി ആഗോള കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍

ബ്രിട്ടൻ, ഗ്രീസ്, മെക്‌സിക്കോ, തുർക്കി, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി അപലപിച്ച് രംഗത്തെത്തിയത്

MediaOne Logo
പിണറായിയുടെ വീട്ടിലെ ഇഡി റെയ്‌ഡ്; പ്രതിഷേധവുമായി ആഗോള കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍
X

ന്യൂഡൽഹി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിലും ഇതിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിലും അന്താരാഷ്ട്ര തലത്തിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വ്യാപക പ്രതിഷേധം.

ബ്രിട്ടൻ, ഗ്രീസ്, മെക്സിക്കോ, തുർക്കി, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി അപലപിച്ച് രംഗത്തെത്തിയത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇഡി റെയ്‌ഡ് നടത്തിയതെന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

ജനാധിപത്യ വിരുദ്ധമായ ഇത്തരം നീക്കങ്ങൾ പ്രതിഷേധാർഹമാണ്. ഡൽഹിയിലെ ഇഡി ആസ്ഥാനത്തിന് മുന്നിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയെയും ബ്രിട്ടീഷ് പാർട്ടി ശക്തമായി അപലപിച്ചു.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് ശക്തികളെ അടിച്ചമർത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഈ പുതിയ സംഭവം തൊഴിലാളിവർഗ പ്രസ്ഥാനത്തിന് നേരെ വളർന്നുവരുന്ന അടിച്ചമർത്തലിന്റെ മറ്റൊരു ഉദാഹരണമാണെന്ന് തുര്‍ക്കി കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കി. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളിലും പ്രതീക്ഷകളിലും വേരൂന്നിയ ഒരു പാർട്ടിയെ നിശബ്ദമാക്കാൻ യാതൊരുവിധ ഭീഷണികൾക്കോ, അക്രമങ്ങൾക്കോ, ഭരണകൂട അടിച്ചമർത്തലുകൾക്കോ സാധ്യമല്ലെന്നും തുര്‍ക്കി കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഭയപ്പെടുത്തലുകൾ കൊണ്ട് ഇടതുപക്ഷത്തെ നിശബ്ദമാക്കാൻ കഴിയില്ലെന്നും ചെങ്കൊടി കേരളത്തിന് മുകളിൽ തുടർന്നും പാറുകയും അത് സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നും ശ്രീലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും വ്യക്തമാക്കുന്നു. നേതാക്കള്‍ക്കെതിരായ റെയ്ഡിനെയും അറസ്റ്റിനെയും അപലപിക്കുന്നതായി ഗ്രീസ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും വ്യക്തമാക്കി.

പിണറായിക്കെതിരായ ഇഡി റെയ്ഡ് ദേശീയവും സാർവദേശീയവുമായ പ്രശ്നമായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. പിണറായി വിജയനെതിരായ കടന്നാക്രമണം ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ഞങ്ങള്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story