Quantcast

കെഎഫ്സി വായ്പാ ക്രമക്കേട് കേസ്: 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; പി.വി അൻവറിനെ വിട്ടയച്ച് ഇഡി

കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പാ ദുരുപയോഗം നടത്തിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ.

MediaOne Logo

Web Desk

  • Updated:

    2026-01-09 01:24:53.0

Published:

8 Jan 2026 10:35 PM IST

ED releases PV Anwar after 12-hour interrogation in KFR Loan Fraud Case
X

കൊച്ചി: കെഎഫ്സി വായ്പാ ക്രമക്കേട് കേസിൽ പി.വി അൻവറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ കൊച്ചി ഓഫീസിൽ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അൻവറിനെ വിട്ടയച്ചു. ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിക്കും. പിണറായിസത്തിനെതിരെയും മരുമോനിസത്തിനെതിരെയും പോരാട്ടം തുടരുമെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും അൻവർ പിന്നീട് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ പറഞ്ഞു.

രാവിലെ പത്ത് മണിക്കാണ് അൻവർ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം ഇറങ്ങിയ അൻവർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മുമ്പ് രണ്ട് തവണ അൻവറിന് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹാജരായിരുന്നില്ല. ഇനിയും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് അൻവർ ഇന്ന് ഇഡി ഓഫീസിലെത്തിയത്.

കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പാ ദുരുപയോഗം നടത്തിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ഇഡി നടത്തിയ റെയ്ഡിൽ വായ്പാ ദുരുപയോ​ഗം കണ്ടെത്തിയിരുന്നു. അഞ്ച് വർഷത്തിനിടെ അൻവറിന്റെ ആസ്തിയിൽ 50 കോടിയുടെ വർധനവുണ്ടായതായും ഇഡി കണ്ടെത്തി.

അൻവറിന്റെ വീട്ടിലടക്കം ആറിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇഡിക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. അൻവറിന്റെയും ഡ്രൈവറുടെയും ബന്ധുക്കളുടേയും പേരുകളിൽ തുടങ്ങിയ ബിനാമി സ്ഥാപനങ്ങൾക്കാണ് കെഎഫ്‌സിയിൽ നിന്ന് 12 കോടി രൂപ വായ്പ അനുവദിച്ചത്. 2015ലായിരുന്നു ഇത്.

ഒരേ വസ്തു തന്നെ പണയം വച്ചാണ് വിവിധ ഘട്ടങ്ങളിലായി ലോൺ അനുവദിച്ചത്. ആദ്യം മലങ്കുളം കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ പേരിൽ 7.5 കോടി വായ്പയെടുത്തു. ഇത് അൻവറിന്റെയും ബന്ധുവിന്റേയും പേരിലായിരുന്നെങ്കിലും തന്റെ തന്നെ കമ്പനിയാണെന്ന് അൻവർ ഇഡി ഉദ്യോ​ഗസ്ഥരോട് സമ്മതിച്ചു.

പിന്നീട്, മാസങ്ങൾക്ക് ശേഷം അതേ വസ്തു തന്നെ ഈടായി നൽകി പിവിആർ ഡെവലപ്പേഴ്സ് എന്ന സ്വന്തം കമ്പനിയിലേക്ക് മൂന്ന് കോടിയുടെയും ഒന്നരക്കോടിയുടേയും രണ്ട് വായ്പകൾ കൂടി അൻവർ എടുത്തു. ഇതിലൂടെ കെഎഫ്സിക്ക് വലിയ നഷ്ടമാണുണ്ടായത്.

ഈ തുക പിഴയും പലിശയുമായി ഇപ്പോൾ 22 കോടിയിലേറെ രൂപയായിട്ടുണ്ടെന്നും ഇഡി കണ്ടെത്തി. വായ്പയായി ലഭിച്ച തുക പിവിആർ മെട്രോ വില്ലേജ് എന്ന ടൗൺഷിപ്പ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്നും അൻവർ ഇഡിയോട് സമ്മതിച്ചിരുന്നു. ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടെയാണ് ക്രമക്കേട് നടത്തിയതെന്നും ഇഡി കണ്ടെത്തിയിരുന്നു.

TAGS :

Next Story