'യുവനേതൃത്വത്തിൽ യുഡിഎഫ് മുന്നിൽ, ഇടതുപക്ഷം മാറണം': ചര്‍ച്ചയായി ഡോ. ഇഖ്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'' ഇടതുപക്ഷത്തിന് തങ്ങളുടെ യുവജന വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തന രീതികളിൽ സമൂലമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്''

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ തലമുറമാറ്റത്തെയും ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് പ്രമുഖ ചിന്തകന്‍ ഡോ. ഇഖ്ബാൽ ബാപ്പുക്കുഞ്ഞ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. '
'കേരളം ഇടതുപക്ഷത്തിന്റെ ഭാവി: ഒന്ന്' എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ, നിയമസഭയിലെ പ്രായഘടനയും യുവനേതൃത്വത്തിന്റെ സ്വീകാര്യതയും മുൻനിർത്തി ഇടതുപക്ഷത്തിന്റെ നവീകരണത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.
നിലവിലെ കേരള നിയമസഭയുടെ ഘടന പരിശോധിച്ചാൽ പ്രകടമായ പ്രായവ്യത്യാസം കാണാമെന്ന് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫ് എംഎൽഎമാരുടെ ശരാശരി പ്രായം 53 വയസ്സാണ്. എൽഡിഎഫ് എംഎൽഎമാരുടേത് ഏകദേശം 59 വയസ്സും. നിയമസഭയിൽ 40 വയസ്സിൽ താഴെയുള്ള 11 എം.എൽ.എമാരിൽ 10 പേരും (കോൺഗ്രസ് - 9, മുസ്ലീം ലീഗ് - 1) യുഡിഎഫ് പക്ഷത്താണെന്നത് ശ്രദ്ധേയമാണ്. ഇടതുപക്ഷം ഇപ്പോഴും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു.
കേരളത്തിൽ ശക്തമായ യുവജന-വിദ്യാർത്ഥി സംഘടനകൾ ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ട് പൊതുസമൂഹത്തിൽ ഇടതു യുവജനങ്ങളേക്കാൾ യു ഡി എഫ് യുവനേതൃത്വം കൂടുതൽ സ്വീകാര്യത നേടുന്നു എന്നത് ഇടതുപക്ഷം ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. കാമ്പസുകളിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ മേധാവിത്വം പലപ്പോഴും ജനാധിപത്യ വിരുദ്ധതയുടെയും 'ഭയത്തിന്റെ അന്തരീക്ഷത്തിന്റെയും' പേരിൽ വിമർശിക്കപ്പെടുന്നു. കാലഹരണപ്പെട്ട ആശയപരമായ നിലപാടുകളും കടുത്ത പെരുമാറ്റരീതികളും ഇടത് യുവജന നേതാക്കളെ പൊതുസമൂഹത്തിൽ നിന്നും അകറ്റുന്നതായി കാണാമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളം ഇടതുപക്ഷത്തിന്റെ ഭാവി: ഒന്ന്
കേരള രാഷ്ട്രീയം: തലമുറമാറ്റത്തിന്റെ അടയാളങ്ങളും ഇടതുപക്ഷത്തിന്റെ നവീകരണവും
കേരള നിയമസഭയുടെ നിലവിലെ ഘടന സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നിർണ്ണായകമായ ഒരു തലമുറമാറ്റത്തിന്റെ ചിത്രം വ്യക്തമാകുന്നുണ്ട്.
പ്രായഘടനയിലെ അന്തരം: ഒരു വിലയിരുത്തൽ
ലഭ്യമായ വിവരങ്ങൾ പ്രകാരം, നിയമസഭയിലെ പ്രായഘടനയിൽ മുന്നണികൾ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. യു.ഡി.എഫ് എം.എൽ.എമാരുടെ ശരാശരി പ്രായം ഏകദേശം 53 വയസ്സും, എൽ.ഡി.എഫ് എം.എൽ.എമാരുടേത് ഏകദേശം 59 വയസ്സും ആണ്. ഇത് ഒരു ഏകദേശ കണക്കാണെങ്കിലും, ഇടതുപക്ഷത്തെ അപേക്ഷിച്ച് യു.ഡി.എഫ് നിയമസഭാ കക്ഷിയിൽ യുവജന സാന്നിധ്യം കൂടുതലാണ് എന്നത് വ്യക്തമാണ്. 40 വയസ്സിൽ താഴെയുള്ള 11 എം.എൽ.എമാരിൽ പത്തുപേരും യു.ഡി.എഫ് (കോൺഗ്രസ് 9, മുസ്ലീം ലീഗ് 1) പക്ഷത്താണ് എന്നത് ശ്രദ്ധേയമാണ്.
നേതൃത്വ കൈമാറ്റവും പുതിയ രാഷ്ട്രീയ ശൈലിയും
കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷമുണ്ടായ വലിയൊരു തലമുറമാറ്റത്തിന്റെ അടയാളമാണ് ഈ പ്രായഘടന. പുതിയ മുഖങ്ങളുടെ കടന്നുവരവ് നിയമസഭയുടെ പ്രവർത്തന ശൈലിയിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യം ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സുഗമമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിന്റെ സൂചനയാണിത്. അതേസമയം, എൽ.ഡി.എഫ് ഇപ്പോഴും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിനാണ് മുൻഗണന നൽകുന്നത്.
ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികൾ
കേരളത്തിൽ ശക്തമായ യുവജന-വിദ്യാർത്ഥി സംഘടനകൾ ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ട് പൊതുസമൂഹത്തിൽ ഇടതു യുവജനങ്ങളേക്കാൾ യു ഡി എഫ് യുവനേതൃത്വം കൂടുതൽ സ്വീകാര്യത നേടുന്നു എന്നത് ഇടതുപക്ഷം ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. കാമ്പസുകളിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ മേധാവിത്വം പലപ്പോഴും ജനാധിപത്യ വിരുദ്ധതയുടെയും 'ഭയത്തിന്റെ അന്തരീക്ഷത്തിന്റെയും' പേരിൽ വിമർശിക്കപ്പെടുന്നു. കാലഹരണപ്പെട്ട ആശയപരമായ നിലപാടുകളും കടുത്ത പെരുമാറ്റരീതികളും ഇടത് യുവജന നേതാക്കളെ പൊതുസമൂഹത്തിൽ നിന്നും അകറ്റുന്നതായി കാണാം.
ഇനി എന്ത് ?
തിരിച്ചുവരവിനായി ശ്രമിക്കുന്ന ഇടതുപക്ഷത്തിന് തങ്ങളുടെ യുവജന വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തന രീതികളിൽ സമൂലമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ കാഴ്ചപാടുകൾ നിലനിർത്തിക്കൊണ്ടുതന്നെ പാർട്ടികളുടെ സമ്പൂർണ്ണ നിയന്ത്രണത്തിൽ നിന്ന് യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ മോചിപ്പിക്കുകയും, സ്വതന്ത്രമായ ചിന്തകൾക്ക് ഇടം നൽകുകയും വേണം. കാമ്പസ്സുകളിൽ ഇടത് വിദ്യാർഥിസംഘടനകൾ അവരുടെ ഭരണഘടനയിൽ രേഖപ്പെടുത്തിയത് പോലെ വിദ്യാർത്ഥികളുടെ പൊതു ജനാധിപത്യ വേദികളായിമാറണം.
കാലഹരണപ്പെട്ട ശൈലികൾ ഉപേക്ഷിച്ച്, ആധുനിക കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോട് സംവദിക്കാൻ ശേഷിയുള്ള ഒരു യുവനേതൃത്വത്തെ വളർത്തിയെടുക്കുക എന്നത് ഇടതുപക്ഷത്തിന്റെ നിലനിൽപ്പിന് അവശ്യമാണ്. ഇടത് പക്ഷത്തെ യുവാക്കളെ പുതിയ കാലഘട്ടത്തിന്റെ ചിന്താധാരകൾ ഉൾക്കൊള്ളുന്ന പ്രവർത്തന ശൈലിയിലേക്ക് പരിവർത്തനം ചെയ്യുന്നത്, ഇടതുപക്ഷത്തിന്റെ ഭാവി നിലനിൽപ്പിന് ആവശ്യമായ മുൻഉപാധികളിൽ പ്രധാനപ്പെട്ടതാണ്.
Adjust Story Font
16

