ദേശീയ പണിമുടക്കിനെ കോൺഗ്രസ് അപമാനിച്ചു, ഐഎൻടിയുസി തൊഴിലാളികളോട് പങ്കെടുക്കരുതെന്ന് പറഞ്ഞ് വിലക്കേർപ്പെടുത്തി: എളമരം കരീം
പ്രതിഷേധങ്ങൾ നടക്കുമ്പോൾ അനിഷ്ട സംഭവങ്ങൾ നടക്കുന്നുണ്ടോയെന്ന് നോക്കി നടക്കുന്നവരുണ്ടെന്നും ചക്ക മുറിക്കുമ്പോൾ ഒരു കുരുവിനെങ്കിലും പരിക്ക് പറ്റില്ലേയെന്നും എളമരം കരീം പറഞ്ഞു

എറണാകുളം: കേരളത്തില്‍ പണിമുടക്കില്‍ നിന്ന് ഐഎന്‍ടിയുസി വിട്ടുനിന്നതിനെ വിമര്‍ശിച്ച് സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം. ഐഎന്‍ടിയുസിക്ക് കോണ്‍ഗ്രസിന്റെ വിലക്കാണെന്നും യുഡിഎഫ് നടത്തുന്ന ജാഥ മാറ്റിവെക്കണമായിരുന്നുവെന്നും എളമരം കരീം പറഞ്ഞു. അഖിലേന്ത്യാ പണിമുടക്കിനെ അപമാനിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും എളമരം കരീം വിമര്‍ശിച്ചു.
'ഐഎന്‍ടിയുസി തൊഴിലാളികളും ഇന്നത്തെ ദേശീയ പണിമുടക്കില്‍ സഹകരിക്കേണ്ടവരായിരുന്നു. അവര്‍ക്ക് സംയുക്തമായ പ്രവര്‍ത്തനം ഇല്ലെന്നത് മാത്രമേയുള്ളൂ കേരളത്തില്‍. പണിമുടക്കില്‍ പങ്കെടുക്കേണ്ടവരായതുകൊണ്ട് അവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് ഐഎന്‍ടിയുസിയെ വിലക്കിയിരിക്കുകയാണ്. പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസം പ്രതിപക്ഷ നേതാവിന്റെയും നേതാക്കളുടെയും നേതൃത്വത്തില്‍ രാഷ്ട്രീയ ജാഥ സംഘടിപ്പിച്ചിരിക്കുന്നത് പണിമുടക്കിനെ അപമാനിക്കലാണ്. ഇന്നത്തെ ദിവസമെങ്കിലും യുഡിഎഫിന്റെ ജാഥ മാറ്റിവെക്കേണ്ടതായിരുന്നു'. എളമരം കരീം വിമര്‍ശിച്ചു.
പണിമുടക്കിനിടെ വാഹനം തടഞ്ഞ സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് ബലപ്രയോഗം പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നുവെന്നായിരുന്നു കരീമിന്റെ മറുപടി.
'എല്ലാവരും പണിമുടക്കുമ്പോള്‍ ചില കരിങ്കാലികളും ഉണ്ടാകാം. പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ നടക്കുന്നത് നോക്കി നടക്കുന്ന ചിലരുണ്ട്. ചക്ക മുറിക്കുമ്പോള്‍ ഒരു കുരുവിനെങ്കിലും പരിക്ക് പറ്റില്ലേ. വാഹനങ്ങള്‍ തടയുന്നതോ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതോ ബോധപൂര്‍വമല്ല.'കരീം കൂട്ടിച്ചേർത്തു.
തൊഴിലാളി വിരുദ്ധ പ്രക്ഷോഭത്തില്‍ ഐഎന്‍ടിയുസി യോജിപ്പിന് തയ്യാറായിരുന്നുവെന്നും രാജ്യവ്യാപക പ്രതിഷേധം നടക്കുമ്പോള്‍ ജാഥ നിര്‍ത്തിവെക്കാന്‍ യുഡിഎഫ് തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും പ്രതികരിച്ചു. ഐഎന്‍ടിയുസി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ജാഥ നിര്‍ത്തിവെക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായില്ലെന്നും രാഷ്ട്രീയലക്ഷ്യം മാത്രമാണ് യുഡിഎഫിന് ഉള്ളതെന്നും എഐടിയുസി നേതാവ് കെ.പി രാജേന്ദ്രൻ കുറ്റപ്പെടുത്തി.
നേരത്തെ, ദേശീയതലത്തില്‍ ഐഎന്‍ടിയുസി അടക്കമുള്ള ട്രേഡ് സംഘടനകളുടെ കൂട്ടായ തീരുമാനത്തിലാണ് പണിമുടക്ക് സംഘടിപ്പിച്ചിരുന്നത്. ആസൂത്രണം ചെയ്തതുപോലെയാണ് ദേശീയതലത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും എന്നാല്‍ കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നുമാണ് എളമരം കരീമിന്റെ വിമര്‍ശനം. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തൊഴില്‍കോഡുകള്‍ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിവിധ ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച് ദേശീയപണിമുടക്ക് നടത്തുന്നത്. ആണവ മേഖലയിലെ സമ്പൂര്‍ണ്ണ വിദേശ നിക്ഷേപത്തില്‍ തുടങ്ങി ഏറ്റവും ഒടുവിലത്തെ ഇന്ത്യ- അമേരിക്ക വ്യാപാരകരാര്‍ വരെയുള്ള വിഷയങ്ങള്‍ പണിമുടക്കിന്റെ ഭാഗമായി ഉയര്‍ത്തുന്നുണ്ട്.
ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കലാലയങ്ങള്‍, പൊതുഗതാഗതം എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കും. കെഎസ്ആര്‍ടിസി സര്‍വീസുകളും സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്സി, തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാല്‍ പൊതുനിരത്തുകള്‍ ശൂന്യമായിരിക്കും.
ആശുപത്രി, പാല്‍,പത്രം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മഹിളാ, വിദ്യാര്‍ഥി, യുവജന സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഉച്ചവരെ നീണ്ടു നില്‍ക്കുന്ന യോഗങ്ങള്‍ ഉണ്ടാകും. തലസ്ഥാനത്ത് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം ലോക് ഭവന്‍ മുന്നില്‍ സമാപിക്കും.
Adjust Story Font
16

