Quantcast

'മധുരമുള്ള വോട്ട്'; കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

വിതരണത്തിനായി ഓരോ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെയും ഓഫീസുകളിൽ 200 ഹൽവ പാക്കറ്റുകൾ വീതം എത്തിച്ചു നൽകും

MediaOne Logo

Web Desk

  • Published:

    30 March 2026 3:48 PM IST

മധുരമുള്ള വോട്ട്; കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
X

തിരുവനന്തപുരം: 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ വരവേൽക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 'വോട്ട് സ്വീറ്റെൻഡ് കേരള ക്യാമ്പയിൻ' എന്ന പേരിൽ ഒരു വേറിട്ട പദ്ധതി പ്രഖ്യാപിച്ചു. യുവാക്കളുടെ വോട്ടിംഗ് പങ്കാളിത്തം വർധിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഈ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി, ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്ന കന്നി വോട്ടർമാർക്ക് പ്രത്യേകമായി ബ്രാൻഡ് ചെയ്ത 'ഫുൽവ ഹൽവ' വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും ഔദ്യോഗിക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വിതരണത്തിനായി ഓരോ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെയും ഓഫീസുകളിൽ 200 ഹൽവ പാക്കറ്റുകൾ വീതം എത്തിച്ചു നൽകും.

ഹൽവ വിതരണം ചെയ്യേണ്ട പോളിംഗ് ബൂത്തുകൾ ഏതൊക്കെയെന്ന് തീരുമാനിക്കേണ്ടത് അതാത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരാണ്. തെരഞ്ഞെടുക്കപ്പെടുന്ന ബൂത്തുകളിൽ എത്തുന്ന കന്നി വോട്ടർമാരെ കൃത്യമായി തിരിച്ചറിഞ്ഞ് അവർക്ക് ഹൽവ നൽകാനുള്ള ചുമതല ബൂത്ത് ലെവൽ ഓഫീസർമാർക്കും (BLOs) മറ്റ് വളണ്ടിയർമാർക്കുമായിരിക്കും.

പോളിങ് ബൂത്തുകളിലെ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് യാതൊരുവിധ തടസവും ഉണ്ടാകാത്ത രീതിയിലായിരിക്കണം വിതരണം നടക്കേണ്ടത് എന്ന് കമ്മീഷൻ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ഇതിനായി ആവശ്യമെങ്കിൽ കൂടുതൽ വളണ്ടിയർമാരുടെ സേവനം ബിഎൽഒമാർക്ക് ലഭ്യമാക്കാവുന്നതാണ്. കൂടാതെ, പൊതുജനങ്ങളെ അറിയിക്കുന്നതിനും ഔദ്യോഗിക ആവശ്യങ്ങൾക്കുമായി ഹൽവ വിതരണത്തിന്റെ ഫോട്ടോയോ വീഡിയോയോ പകർത്തുന്നുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതുണ്ട്.

TAGS :

Next Story