Quantcast

'വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ നിരാകരിച്ച തെരഞ്ഞെടുപ്പ് ഫലം'; ജമാഅത്തെ ഇസ്‌ലാമി അമീർ പി.മുജീബുറഹ്‌മാൻ

കേരളം ഇനിയും വർഗീയ, സാമുദായിക ധ്രുവീകരണ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ശക്തമാണെന്നതിൻ്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മുജീബുറഹ്‌മാൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    13 Dec 2025 4:03 PM IST

വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ നിരാകരിച്ച തെരഞ്ഞെടുപ്പ് ഫലം; ജമാഅത്തെ ഇസ്‌ലാമി അമീർ പി.മുജീബുറഹ്‌മാൻ
X

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ നിരാകരിച്ച തെരഞ്ഞെടുപ്പ് ഫലമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി.മുജീബുറഹ്‌മാൻ. കേരളം ഇനിയും വർഗീയ, സാമുദായിക ധ്രുവീകരണ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ശക്തമാണെന്നതിൻ്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മുജീബുറഹ്‌മാൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. പ്രചാരണത്തിലുടനീളം വർഗീയതയെ ഊതിക്കാച്ചുകയും സാമുദായിക ധ്രുവീകരണം ശക്തമാക്കുന്ന പ്രസ്താവനകൾ നടത്തിയും ഭൂരിപക്ഷ വോട്ടുകൾ പെട്ടിയിലാക്കാനാണ് സിപിഎം ശ്രമിച്ചത്. പക്ഷേ, കേരളത്തിൻ്റെ രാഷ്ട്രീയം ശ്രമത്തെ തിരിച്ചറിയുകയും സിപിഎമ്മിൻ്റെ പ്രതിലോമ രാഷ്ട്രീയത്തിന് തിരിച്ചടി നൽകുകയും ചെയ്തിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാൻ ഇടതുപക്ഷം തയ്യാറായിരുന്നില്ലെന്നും മുജീബുറഹ്‌മാൻ കുറ്റപ്പെടുത്തി. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ഇതേ കുതന്ത്രമാണ് ഇടതുപക്ഷം സ്വീകരിച്ചത്. എന്നാൽ, പരാജയത്തിൽ നിന്നും പഠിക്കാൻ അവർ സന്നദ്ധമായില്ല. മുജീബുറഹ്‌മാൻ കൂട്ടിച്ചേർത്തു.

പി.മുജീബുറഹ്‌മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'കേരളം ഇനിയും വർഗീയ, സാമുദായിക ധ്രുവീകരണ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ശക്തമാണെന്നതിൻ്റെ തെളിവാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം സംശയ രഹിതമായി തെളിയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. പ്രചാരണത്തിലുടനീളം വർഗീയതയെ ഊതിക്കാച്ചുകയും സാമുദായിക ധ്രുവീകരണം ശക്തമാക്കുന്ന പ്രസ്താവനകൾ നടത്തിയും ഭൂരിപക്ഷ വോട്ടുകൾ പെട്ടിയിലാക്കാനാണ് സി.പി.എം ശ്രമിച്ചത്. പക്ഷേ, കേരളത്തിൻ്റെ തൃണമൂല രാഷ്ട്രീയം ആ കുൽസിത ശ്രമത്തെ തിരിച്ചറിയുകയും സി.പി.എമ്മിൻ്റെ പ്രതിലോമ രാഷ്ട്രീയത്തിന് തിരിച്ചടി നൽകുകയും ചെയ്തിരിക്കുന്നു.

അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാൻ ഇടതുപക്ഷം തയ്യാറായിരുന്നില്ല. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ഇതേ കുതന്ത്രമാണ് ഇടതുപക്ഷം സ്വീകരിച്ചത്. എന്നാൽ, പരാജയത്തിൽ നിന്നും പഠിക്കാൻ അവർ സന്നദ്ധമായില്ല. ഇടതുപക്ഷ രാഷ്ട്രീയത്തെ റദ്ദു ചെയ്യുകയും സംഘ്പരിവാറിലേക്ക് ചാലുകീറുകയും ചെയ്യുന്ന സമീപനങ്ങൾ സ്വീകരിക്കുന്ന സി.പി.എം എന്ന മൂന്നക്ഷരത്തോടും അനുബന്ധ അക്ഷരക്കൂട്ടങ്ങളോടും സവിശേഷ മമതയൊന്നും കേരളത്തിനില്ല എന്ന് ഇനിയെങ്കിലും ആ പാർട്ടി തിരിച്ചറിഞ്ഞാൽ നന്ന്.

കേരളത്തിലെ രണ്ട് മുന്നണികളിലൊന്ന് എന്നതിനപ്പുറത്ത് ഫാഷിസ്റ്റ് വിരുദ്ധവും സഹവർത്തിത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ, വികസനോൻമുഖവും സുതാര്യവും അഴിമതിരഹിതവുമായ തെളിനീർ ബദൽ രാഷ്ട്രീയത്തിന് കേരളത്തിൻ്റെ പുതിയ തലമുറയുടെ കൈവിരൽ മുദ്രയുണ്ടെന്നതിൻ്റെ സാക്ഷ്യം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. കേരള ജനതയുടെ ജനാധിപത്യ ബോധ്യത്തിനും വിജയിച്ച ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ, വന്നുചേർന്ന ഉത്തരവാദിത്തങ്ങളുടെ നീതിപൂർവകമായ നിർവഹണത്തിനാണ് അഭിനന്ദനങ്ങളും ആശംസകളും.'

TAGS :

Next Story