അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആന അവശനിലയിൽ തുടരുന്നു
ആനയുടെ ചികിത്സയ്ക്കായുള്ള കൂട് നിർമ്മാണത്തിനായി ദൗത്യസംഘം മൂന്നാറിലേക്ക് പുറപ്പെട്ടു
തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആന അവശനിലയിൽ തുടരുന്നു. വനംവകുപ്പ് ആനയെ നിരീക്ഷിച്ചുവരികയാണ്. പ്ലാന്റേഷൻ പതിനെട്ടാം ബ്ലോക്കിലെ തൊഴിലാളികളുടെ ലയത്തിന് സമീപമാണ് ആന നിലവിൽ നിലയുറപ്പിച്ചിട്ടുള്ളത്. ആനയുടെ ചികിത്സയ്ക്കായുള്ള കൂട് നിർമ്മാണത്തിനായി ദൗത്യസംഘം മൂന്നാറിലേക്ക് പുറപ്പെട്ടു.
അരിക്കൊമ്പനായി നിർമ്മിച്ച കൂടാണ് കോടനാട് ആന പരിപാലന കേന്ദ്രത്തിലുള്ളത്. ഈ കൂടിന് ബലക്ഷയം ഉള്ളതുകൊണ്ടാണ് നവീകരിക്കാൻ തീരുമാനിച്ചത്. അതിനായി ദേവികുളം റേഞ്ചിന് കീഴിലെ യൂക്കാലി മരങ്ങളാണ് വെട്ടുന്നത്. ഇത് പരിശോധിക്കാനാണ് സംഘം ദേവികുളത്ത് എത്തുന്നത്. കൂട് നവീകരണം ആണെങ്കിലും പുതിയ കൂട് നിർമ്മിക്കാൻ ഉള്ള മരങ്ങൾ എത്തിക്കാനാണ് തീരുമാനം. ഏകദേശം നൂറോളം തടികൾ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയുടെ സുരക്ഷ കൂടി മുൻനിർത്തിയാണ് കൂട് നിർമ്മാണത്തിന് യൂക്കാലി മരങ്ങൾ തന്നെ ഉപയോഗിക്കുന്നത്.
കൂടിന്റെ നിർമ്മാണം പൂർത്തിയായാൽ ഉടൻ ദൗത്യം ആരംഭിക്കാനാണ് വനവകുപ്പിന്റെ തീരുമാനം. ഇതിനായി അടുത്ത ദിവസങ്ങളിൽ കുങ്കിയാനയും, വയനാട്ടിൽ നിന്നുള്ള ദൗത്യസംഘവും അതിരപ്പള്ളിയിലെത്തും. നിലവിൽ ആന പ്ലാന്റേഷനിലെ എണ്ണപ്പന തോട്ടത്തിലാണ് ഉള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ആനയെ നിരീക്ഷിച്ചുവരുന്നു.
Adjust Story Font
16

