'ഒരുതരത്തിലും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല, സാമ്രാജ്യം തരാമെന്ന് പറഞ്ഞാലും ബിജെപിയിലേക്കില്ല': കെ. സുധാകരൻ
പയ്യന്നൂരിലും തളിപ്പറമ്പിലും യുഡിഎഫ് വിമതരെ പിന്തിരിപ്പിക്കുമെന്നും കെ. സുധാകരൻ മീഡിയവണിനോട് പറഞ്ഞു

കണ്ണൂർ: ഒരുതരത്തിലും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും സാമ്രാജ്യം തരാമെന്ന് പറഞ്ഞാലും ബിജെപിയിലേക്കില്ലെന്ന് കെ. സുധാകരൻ. ബിജെപി സ്ഥാനാർഥി സി. രഘുനാഥ് വിളിച്ചിരുന്നെങ്കിലും സഹായം വേണ്ടെന്ന് പറഞ്ഞുവെന്നും പയ്യന്നൂരിലും തളിപ്പറമ്പിലും യുഡിഎഫ് വിമതരെ പിന്തിരിപ്പിക്കുമെന്നും കെ. സുധാകരൻ മീഡിയവണിനോട് പറഞ്ഞു.
'പ്രാദേശികമായ പ്രശ്നങ്ങളിൽ ഇടപെടാൻ സാധിക്കുന്നത് നിയമസഭയിലൂടെയാണ്. അതുകൊണ്ടാണ് മത്സരിക്കാൻ ആഗ്രഹിച്ചത്. അതിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് ഞാൻ ഒന്ന് ഒതുങ്ങി നിന്നു. ഇതിൽ വിജയ പരാജയങ്ങളുടെ കാര്യങ്ങളില്ല. ഹൈക്കമാൻ്റ് വിളിച്ചിട്ടല്ല, ഞാൻ അഖിലേന്ത്യ പ്രസിഡൻ്റിനെ കാണാനാണ് ഡൽഹിക്ക് പോയത്. അദ്ദേഹവുമായി സംസാരിച്ചു. പാർട്ടിക്ക് ഒരു കാഴ്ചപ്പാടുണ്ട്. അത് എനിക്ക് വേണ്ടി മാറ്റി മറിക്കാൻ സാധിക്കില്ല. അത് വേണമെന്ന് പറയുന്നത് ഉചിതമല്ല എന്നറിയുന്നതിനാൽ ഞാൻ നിർബന്ധിച്ചിട്ടുമില്ല. എംപിമാർ മത്സരിക്കരുത് എന്ന തീരുമാനത്തിൽ എനിക്ക് എതിർപ്പില്ല' എന്നും അദ്ദേഹം പറഞ്ഞു.
'തീരുമാനം മാറ്റുന്നതിൽ ഒരു ഓഫറും എനിക്ക് നൽകിയിട്ടില്ല. അങ്ങനെ എന്തങ്കിലും സ്ഥാനമാനങ്ങൾ കാട്ടി എന്നെ നിലനിർത്താനാവില്ല. അതിന് എന്നെ കിട്ടില്ല. എനിക്ക് എൻ്റേതായ കാഴ്ചപാടുകളുണ്ട്. അതിനൊപ്പം ഒത്തുനിൽക്കും. അത് ശരിയോ തെറ്റോ എന്നത് സ്വന്തം മനസാക്ഷിക്ക് വിധേയമാണ്. അതിൽ എനിക്ക് തെറ്റൊന്നും പറ്റിയിട്ടില്ല. ഇപ്പോൾ ഞാനതിനകത്ത് നിൽക്കുന്നു. പ്രശ്നം നാളെ പരിഹരിക്കാമെന്ന് അഖിലേന്ത്യാ പ്രസിഡൻ്റ് എൻ്റെ കൈപിടിച്ചു പറഞ്ഞു. അതിൽ പൂർണ വിശ്വാസമുണ്ട്. ഇതൊക്കെ ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടിയിൽ സ്വാഭാവികമാണ്'.
പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാവുമെന്ന് സുധാകരൻ പറഞ്ഞു. സിപിഎമ്മിലും ഇത്തരം പ്രശ്നങ്ങലുണ്ട്. അവരൊക്കെ പാർട്ടിക്ക് പുറത്താണ്. എന്നാൽ താൻ ഇപ്പോഴും പാർക്ക് അകത്താണെന്നും അദ്ദേഹം പറഞ്ഞു. ടി.ഒ മോഹനുമായുള്ള എല്ലാ വിയോജിപ്പും മാറ്റി പ്രചാരണത്തിൽ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
'ബിജെപി സ്ഥാനാർഥി സി. രഘുനാഥ് എന്നെ വിളിച്ചിരുന്നു. തന്റെ സഹായം വേണോയെന്നു ചോദിച്ചു. വേണ്ടയെന്ന് ഞാൻ മറുപടി നൽകി. ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ല. സാമ്രാജ്യം തരാമെന്ന് പറഞ്ഞാലും ബിജെപിയിലേക്കില്ല. അത്തരം ഓഫറുകളൊക്കെ നേരത്തെ വന്നു കഴിഞ്ഞതാണ്. അതൊക്കെ പിന്തള്ളി പോയതാണ്'.
യുഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷ സീറ്റ് കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഭരിക്കാനുള്ള സീറ്റ് ലഭിക്കും. താൻ ഭരണത്തിൻ്റെ ഭാഗമാകണോയെന്ന് പാർട്ടി താരുമാനിക്കും. മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കും. താൻ എക്കാലത്തേക്കും പാർട്ടിക്ക് സമർപ്പിതനാണെന്നും സുധാകരൻ പ്രതികരിച്ചു.
Adjust Story Font
16

