Quantcast

കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്, പുനരന്വേഷണത്തിന് ഉത്തരവിട്ടത്‌ ഉമ്മൻചാണ്ടിയുടെ കാലത്ത്: ആന്റണി രാജു

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെയാണ് പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2026-01-03 11:39:45.0

Published:

3 Jan 2026 4:17 PM IST

കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്, പുനരന്വേഷണത്തിന് ഉത്തരവിട്ടത്‌ ഉമ്മൻചാണ്ടിയുടെ കാലത്ത്: ആന്റണി രാജു
X

തിരുവനന്തപുരം: കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്ന് മുൻ മന്ത്രി ആന്റണി രാജു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കേസിൽ താൻ പൂർണമായും നിരപരാധിയാണെന്നും ആന്റണി രാജു പറഞ്ഞു. തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെയാണ് പ്രതികരണം.

'നിയമം നിയത്തിന്റെ വഴിക്ക് പോകട്ടെ. ഞാൻ ഈ കേസിൽ പൂർണമായും നിരപരാധിയാണ്. ആദ്യം ഹൈക്കോടതി വിജിലൻസ് വിങ് വിശദമായി അന്വേഷിച്ച് വേറെ മൂന്ന് പേരെ പ്രതികളെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതാണ്. ഹൈക്കോടതി ഈ റിപ്പോർട്ട് അംഗീകരിച്ചതുമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് പുനരന്വേഷണത്തിന് ഉത്തരവിട്ട് പുതിയ തെളിവുകളൊന്നും ഇല്ലാതെ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്' എന്ന് ആന്റണി രാജു പറഞ്ഞു.

തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായി ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് ഉണ്ടാക്കൽ, വ്യാജ രേഖ ചമക്കൽ, സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. ഒന്നാം പ്രതി ക്ലാർക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്.

1990 ഏപ്രിൽ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിൻ വിൽഫ്രഡുമായി ചേർന്നാണ് ആൻഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂർ കോടതി പ്രതിയെ 10 വർഷത്തേക്ക് ശിക്ഷിച്ചു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് ആൻഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആൻഡ്രൂവിനെ കോടതി വിട്ടയച്ചത്.

പിന്നീട് ഓസ്‌ട്രേലിയയിൽ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട കഴിയവെ സഹതടവുകാരനോട് തൊണ്ടിമുതലിൽ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയ വിവരം ആൻഡ്രൂ വെളിപ്പെടുത്തി. സഹ തടവുകാരൻ ഓസ്‌ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് ഇന്റർപോൾ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പോലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ. കെ ജയമോഹൻ ഹൈക്കോടതിയെ സമീച്ചതിനെ തുടർന്നാണ് തൊണ്ടിമുതൽ കേസിൽ അന്വേഷണം നടത്തിയത്. തൊണ്ടിമുതൽ ആന്റണി രാജുവിന് കൊടുത്തുവിട്ട ക്ലാർക്ക് ജോസാണ് ഒന്നാംപ്രതി.

മജിസ്ട്രേറ്റ് കോടതിക്ക് വിധി പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഉപഹരജി നൽകി. ജീവപര്യന്തം തടവാണ് പരമാവധി ശിക്ഷ.

TAGS :

Next Story