കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി; അധ്യാപകന് 11 വർഷത്തിനുശേഷം നീതി
ലൈംഗിക പരാതി നൽകിയത് പക വീട്ടാനാണെന്ന് കോടതി കണ്ടെത്തി

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ കോപ്പിയടിച്ചത് പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി നൽകിയ കേസിൽ അധ്യാപകന് 11 വർഷത്തിനുശേഷം നീതി. മൂന്നാർ ഗവൺമെൻറ് കോളജിലെ അധ്യാപകനായ ആനന്ദ് വിശ്വനാഥനെതിരെയാണ് 2014 ൽ വിദ്യാർഥികൾ പരാതി നൽകിയത്.
ലൈംഗിക പരാതി നൽകിയത് പക വീട്ടാനാണെന്ന് കോടതി കണ്ടെത്തി. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ.
മൂന്നാർ ഗവൺമെന്റ് കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ആനന്ദ് വിശ്വനാഥൻ 2014 ഓഗസ്റ്റിൽ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷ ഹാളിൽ കോപ്പിയടി പിടിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾ അധ്യാപകനെതിരെ പീഡന പരാതി നൽകിയത്. അഞ്ചു വിദ്യാർഥിനികളുടെ പരാതിയിൽ മൂന്നാർ പോലീസ് അന്ന് നാല് കേസുകൾ എടുത്തിരുന്നു. രണ്ടുകേസുകളിൽ പിന്നീട് അധ്യാപകനെ കോടതി വെറുതെവിട്ടു. മറ്റു രണ്ട് കേസുകളിൽ മൂന്ന് വർഷം തടവിനും കോടതി വിധിച്ചു . ഇതു ചോദ്യം ചെയ്തു ആനന്ദ് വിശ്വനാഥൻ നൽകിയ അപ്പീലിൽ ആണ് തൊടുപുഴ സെഷൻസ് കോടതി വിധിയുണ്ടായത്.
പരീക്ഷ ഇൻവിജിലേറ്റർ ആയിരുന്നു ആൾ കോപ്പി അടിച്ച വിവരം സർവകലാശാലയെ അറിയിച്ചിരുന്നില്ല. ഇതും ആനന്ദ് വിശ്വനാഥിന് തിരിച്ചടിയായി. എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥിനികൾ പരാതി തയ്യാറാക്കിയത് മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസിൽ വെച്ചാണെന്നാണ് സർവ്വകലാശാല അന്വേഷണ കമ്മീഷൻ പിന്നീട് കണ്ടെത്തി. പെൺകുട്ടികൾ തന്നെ ഈ കാര്യം കമ്മീഷനോട് തുറന്നുപറഞ്ഞു . സംഭവത്തിൽ തന്നെ കുടുക്കാൻ കോളജ് അധികൃതരും കൂട്ടുനിന്നതായാണ് ആനന്ദിന്റെ ആരോപണം.
Adjust Story Font
16

