'സിപിഎം പ്രതിഷേധത്തിൽ ശ്രീജയെ വ്യക്തി അധിക്ഷേപം നടത്തി'; ആര്യനാട് വാർഡ് മെമ്പറുടെ മരണത്തിൽ സിപിഎമ്മിനെതിരെ കുടുംബം
ശ്രീജക്കുള്ള സാമ്പത്തിക ബാധ്യതയെ സിപിഎം രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു

തിരുവനന്തപുരം: ആര്യനാട് കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജയുടെ മരണത്തിൽ സിപിഎമ്മിനെതിരെ കുടുംബം. സിപിഎം പ്രതിഷേധത്തിൽ ശ്രീജയെ വ്യക്തി അധിക്ഷേപം നടത്തിയെന്ന് ഭർത്താവ് ജയകുമാർ പറഞ്ഞു.
ശ്രീജക്കുള്ള സാമ്പത്തിക ബാധ്യതയെ സിപിഎം രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് കോൺഗ്രസും ആരോപിച്ചു. കോട്ടയ്ക്കകം വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തതാണ്. ശ്രീജയ്ക്ക് വലിയ ജനസമ്മതിയുണ്ടായിരുന്നു. ഇത് തകർക്കാൻ വിഷയത്തെ കരുവാക്കി ശ്രീജയെ സിപിഎം വ്യക്തിപരമായി വേട്ടയാടിയെന്നും കോൺഗ്രസ് ആരോപിച്ചു.
മൃതദേഹം കാണാനെത്തിയ ജി. സ്റ്റീഫൻ എംഎൽഎയെയും ആര്യനാട് സർക്കിൾ ഇൻസ്പെക്ടറെയും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ശ്രീജക്കെതരെ എൽഡിഎഫ് പ്രതിഷേധിച്ചിരുന്നു. ഇതിൽ മനംനൊന്താണ് മരണമെന്നാണ് യുഡിഎഫ് ആരോപണം.
എന്നാൽ ശ്രീജയുടെ മരണത്തിലെ ആരോപണങ്ങൾ തള്ളി ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ രംഗത്തെത്തി. ഇന്നലെ നടന്ന സിപിഎം പ്രതിഷേധത്തിൽ പങ്കെടുത്തത് പണം ലഭിക്കാനുള്ള ആളുകളാണെന്നും വിഷയത്തെ സിപിഎം രാഷ്ട്രീയപരമായി എടുത്തിട്ടില്ലെന്നും വിജു മോഹൻ മീഡിയവണിനോട് പറഞ്ഞു.
സിപിഎം അതിന് നേതൃത്വം കൊടുക്കുക മാത്രമാണ് ചെയ്തത്. കോൺഗ്രസ് ആരോപിക്കുന്നതു പോലെ പ്രതിഷേധത്തിൽ വ്യക്തി അധിക്ഷേപം നടന്നിട്ടില്ല. സമാധാനപരമായ സമരം ആയിരുന്നു. ശ്രീജയുടെ മരണത്തിൽ ദുഃഖമുണ്ട്. അതുപോലെ പണം ലഭിക്കാനുള്ളവർ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നുള്ള ആശങ്കയുമുണ്ടെന്ന് വിജു കൂട്ടിച്ചേർത്തു.
Adjust Story Font
16

