Quantcast

കെ.എം ബഷീറിന്റെ കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

പ്രോസിക്യൂഷന്‍ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-25 13:59:57.0

Published:

25 Aug 2022 12:58 PM GMT

കെ.എം ബഷീറിന്റെ കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ
X

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.‌ നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

ബഷീറിന്റെ സഹോദരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ബഷീറിന്‍റെ കൈയില്‍ നിന്ന് നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത ഉണ്ട്. പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഉന്നത സ്വാധീനമുള്ള ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സിബിഐ തന്നെ കേസ് അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷന്‍ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ, നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണമാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ യാതൊരു അന്വേഷണത്തിനും സാധ്യതയില്ല.

പൊലീസ് പ്രതിയെ സഹായിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും സഹോദരന്‍ ഹര്‍ജിയില്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കണമെന്നും ഹരജിയിൽ പറയുന്നു. പ്രോസിക്യൂഷനും പ്രതിക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് വൻ വിവാദമായിരുന്നു. ജില്ല മജിസ്ട്രേറ്റിന്‍റെ കൂടി ചുമതലയുള്ള കലക്ടർ പദവിയിൽ നിയമിച്ചതിന് എതിരെയായിരുന്നു വിവാദം. പ്രതിഷേധം കനത്തതോടെ സ‍ർക്കാർ ഉത്തരവ് പിൻവലിച്ചു. നിലവില്‍ ഭക്ഷ്യ വകുപ്പിൽ സിവിൽ സപ്ലൈസിൽ ജനറൽ മാനേജരാണ് ശ്രീറാം വെങ്കിട്ടരാമന്‍.

2019 ആ​ഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ജോലി കഴിഞ്ഞ് ബൈക്കിൽ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിനെ മദ്യലഹരിയിൽ അമിതവേ​ഗതയിൽ കാറോടിച്ച് വന്ന ശ്രീറാം വെങ്കിട്ടരാമൻ ഇടിച്ചുതെറിപ്പിച്ചത്.

തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപമായിരുന്നു സംഭവം. കാറിൽ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ കെ.എം ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫീസിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്.

TAGS :

Next Story