'ആർഎസ്എസ് അനുകൂല പുസ്തകം പ്രകാശനം ചെയ്ത് ഫാത്തിമ തഹിലിയ'; പ്രചാരണത്തിന്റെ വസ്തുതയെന്ത്?
'ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ 100 വർഷങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ഫോട്ടോയാണ് പ്രചരിപ്പിക്കുന്നത്

- Published:
5 April 2026 10:15 AM IST

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയും യൂത്ത് ലീഗ് നേതാവുമായ ഫാത്തിമ തഹിലിയ ആർഎസ്എസ് അനുകൂല പുസ്തകം പ്രകാശനം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒരു പ്രചാരണം.
പ്രചാരണം
'ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ 100 വർഷങ്ങൾ' എന്ന പുസ്തകം ലീഗ് നേതാവ് പ്രകാശനം ചെയ്യുന്നു. ഇതാണ് ലീഗിന്റെ മതേതര സംരക്ഷണം. ആർഎസ്എസ് ചരിത്രം പ്രകാശനം ചെയ്യുന്നത് ലീഗ് നേതാവ് എന്നൊക്കെയാണ് പുസ്തകം പ്രകാശനം ചെയ്യുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടുള്ള പ്രചാരണം.
വസ്തുത
'ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ 100 വർഷങ്ങൾ' എന്ന പുസ്തകമാണ് തഹിലിയ കൈമാറുന്നത്. ഹിന്ദുത്വരാഷ്ട്രം ലക്ഷ്യമിട്ട് ആർഎസ്എസ് രൂപീകരിച്ച് കഴിഞ്ഞ സെപ്തംബർ 27ന് 100 വർഷം തികഞ്ഞ സാഹചര്യത്തിൽ, അവരുടെ ലക്ഷ്യങ്ങൾക്കെതിരെ, The Critic യുട്യൂബ് ചാനൽ സംപ്രേക്ഷണം ചെയ്ത, ഐ.ഗോപിനാഥ് എഡിറ്റ് ചെയ്ത 16 പ്രഭാഷണങ്ങളുടെ സമാഹാരമാണ് 'ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നൂറുവർഷം' എന്ന പുസ്തകം.
കെ.വേണു, കെ.സച്ചിദാനന്ദൻ, കൽപ്പറ്റ നാരായണൻ, കെ.മുരളി, ഡോ.കെ.അരവിന്ദാക്ഷൻ, സണ്ണി എം കപിക്കാട്, കെ.ഇ.എൻ കുഞ്ഞഹമ്മദ്, ഡോ. സുനിൽ പി ഇളയിടം, ഡോ. മാളവിക ബിന്നി, ജെ.രഘു, പി.എൻ ഗോപീകൃഷ്ണൻ, ഡോ. ടി.എസ് ശ്യാംകുമാർ, സജീവൻ അന്തിക്കാട്, ടി.മുഹമ്മദ് വേളം, ഡോ.സോയ ജോസഫ്, ഡോ.ടി.ടി ശ്രീകുമാർ എന്നിവരുടെ പ്രഭാഷണങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സാഹിത്യ അക്കാദമിയിൽ നടന്ന, ഈ പുസ്തകത്തിന്റെ പ്രകാശനചടങ്ങിന്റെ ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രകാശനം ചെയ്യുന്നത് കെ.വേണു. ഏറ്റുവാങ്ങുന്നത് ഫാത്തിമ തഹിലിയ. വേദിയിൽ സണ്ണി കപിക്കാട്, പി.എൻ ഗോപികൃഷ്ണൻ, മുഹമ്മദ് വേളം, സോയാ ജോസഫ് തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്.
Adjust Story Font
16
