'ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ': മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റുമായി സിസ്റ്റര്‍ ടീന ജോസ്
സന്യാസ വസ്ത്രം ധരിക്കാൻ അനുവാദമില്ലാത്തയാളാണ് ടീനയെന്ന് സിഎംസി സന്യാസിനി സമൂഹം. ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണമായും അവരുടെ ഉത്തരവാദിത്തത്തിലാണെന്നും സിഎംസി സമൂഹത്തിന് പങ്കില്ലെന്നും പത്രക്കുറിപ്പ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ വധശ്രമത്തിന് ആഹ്വാനം നല്‍കി കമന്റ്. സെൽറ്റൻ എൽ ഡിസൂസ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിസ്റ്റര്‍ ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ് പോസ്റ്റ് ചെയ്തത്.
'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീല് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും'- എന്നായിരുന്നു കമന്റ്. 23 മൂന്ന് മണക്കൂർ മുമ്പാണ് സെൽറ്റൺ എൽ ഡിസൂസ എന്നയാൾ നാളെ മുതൽ ക്യാപ്റ്റനും ഇറങ്ങുന്നു എന്ന പോസ്റ്റ് ഫേസ്ബുക്കിൽ കുറിച്ചത്. പ്രചാരണത്തിന് മുഖ്യമന്ത്രിയും എന്ന ഒരു ടിവി ചാനലിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു ഡിസൂസയുടെ കുറിപ്പ്.
ഫേസ്ബുക്ക് ലോക്ക് ചെയ്ത പ്രൊഫൈലിൽ നിന്നാണ് ടീന ജോസ് കമന്റ് ചെയ്തിരിക്കുന്നത്. അഡ്വ. മേരി ട്രീസ പി.ജെ എന്നാണ് ഇവർ നൽകിയിരിക്കുന്ന പേര്. അഭിഭാഷകയെന്നും എറണാകുളം ലോ കോളജിലാണ് പഠിച്ചതെന്നും കൊച്ചിയിലാണ് താമസം എന്നുമൊക്കെ പ്രൊഫൈൽ ഇൻഡ്രോയിലുണ്ട്. അതേസമയം ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം രംഗത്ത് എത്തി. ടീന ജോസിന്റെ അംഗത്വം 2009ൽ കാനോനിക നിയമങ്ങൾക്ക് അനുസൃതമായി റദ്ദാക്കിയതാണ്. സന്യാസ വസ്ത്രം ധരിക്കാൻ അനുവാദമില്ലാത്തയാളാണ് ടീന. ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണമായും അവരുടെ ഉത്തരവാദിത്തത്തിലാണെന്നും സിഎംസി സമൂഹത്തിന് പങ്കില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം ടീന ജോസിന്റെ കമന്റിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഇങ്ങനെ കൊലവിളി നടത്തിയതിനെതിരെ നടപടി വേണമെന്നാണ് പലരും കുറിക്കുന്നത്. കേരള പൊലീസിനെ അടക്കം പലരും ടാഗ് ചെയ്യുന്നുണ്ട്.
Adjust Story Font
16

