ക്രിസ്തുവിനെയല്ലാതെ ഒരു ഭരണകൂടത്തെയും ഭയപ്പെടുന്നില്ല; കാതോലിക്ക ബാവ
ക്രിസ്ത്യാനികളാണെന്നതിന്റെ പേരില്‍ വൈദികരും കന്യാസ്ത്രീകളും രാജ്യത്ത് പലയിടത്തും അടിയേല്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും കാതോലിക്ക ബാവ

കോട്ടയം: രാജ്യത്ത് വിശ്വാസികള്‍ കടുത്ത ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും ക്രിസ്തുവിനെയല്ലാതെ ആരെയും ഭയക്കുന്നില്ലെന്നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. ക്രിസ്ത്യാനികളാണെന്നതിന്റെ പേരില്‍ വൈദികരും കന്യാസ്ത്രീകളും രാജ്യത്തുടനീളം പലതരത്തിലുമുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും ഏത് തരത്തിലുമുള്ള പീഡനങ്ങള്‍ നേരിടാനും തയ്യാറാകുന്നതിലൂടെ മാത്രമേ അവയെ അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയില്‍ ക്രിസ്തുമതവും വിശ്വാസികളും കടുത്ത ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനികളാണെന്നതിന്റെ പേരില്‍ വൈദികരും കന്യാസ്ത്രീകളും രാജ്യത്ത് പലയിടത്തും അടിയേല്‍ക്കുന്ന സാഹചര്യമാണുള്ളതെന്ന് മാധ്യമങ്ങളിലൂടെ നാം കാണുന്നുണ്ട്. ഇത് വ്യാപിക്കുകയാണെങ്കില്‍ നമുക്കെല്ലാവര്‍ക്കും സമാനമായ രീതിയില്‍ ഭീഷണികൾ നേരിടേണ്ടിവരും. എന്നാല്‍, അത്തരം സാഹചര്യങ്ങളിലെല്ലാം ക്രിസ്തുവിന് വേണ്ടി കഷ്ടതകളനുഭവിക്കാന്‍, യേശുക്രിസ്തുവല്ലാതെ മറ്റാരെയും ഭയക്കുന്നില്ലെന്ന് ധൈര്യമായി പറയാന്‍, ഞാന്‍ യേശുവിനെ ആരാധിക്കുകയും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്ന് പറയാനുള്ള ധൈര്യം വിശ്വാസികള്‍ക്കുണ്ടാവേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് ഏത് പരീക്ഷണങ്ങളെയും നേരിടാന്‍ ഇന്ത്യയിലെ വിശ്വാസികള്‍ തയ്യാറാവേണ്ടതുണ്ട്. ഇത് എല്ലായ്‌പ്പോഴും ഓര്‍മയിലുണ്ടാകണം'. കാതോലിക്കാ ബാവ പറഞ്ഞു.
'ഏത് തരത്തിലുമുള്ള പരീക്ഷണങ്ങളെയും അതിജീവിക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ പ്രത്യാശ നിലനിര്‍ത്താന്‍ നമുക്ക് കഴിയുകയുള്ളൂ. പല പ്രതിസന്ധികളെയും അതിജീവിച്ച ചരിത്രമാണ് ക്രിസ്തീയ സഭക്കുള്ളത്. ക്രിസ്തുവിനെയല്ലാതെ മറ്റാരെയും വിശ്വാസികള്‍ ഭയപ്പെടുന്നതായി ആ ചരിത്രത്തിലെവിടെയുമില്ല. ലോകത്തെ ഒരു ജനതയെയും വ്യവസ്ഥിതിയെയും സര്‍ക്കാരുകളെയും അത് ഭയപ്പെടുന്നില്ല. ക്രിസ്തുവിന് വേണ്ടി ഏത് യാതനയും നേരിടാന്‍ നാം തയ്യാറാകേണ്ടതുണ്ടെന്നാണ് വീണ്ടും ഉണര്‍ത്താനുള്ളത്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ കത്തോലിക്കാ സഭ നേരത്തെയും രംഗത്തെത്തിയിരുന്നു. പുതിയ നിയമം ജനാധിപത്യ വ്യവസ്ഥയില്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് തോമസ് പറയില്‍ പറഞ്ഞു. അപ്രതീക്ഷിതമായാണ് എഫ്‌സിആര്‍എയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്നും ഇതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

