Quantcast

'വിവിധ വിഷയങ്ങൾ പഠിക്കാനാണ് യാത്ര, യൂറോപ്പിലേക്ക് പോകാൻ പാടില്ലെന്നുണ്ടോ?'; വിദേശയാത്രയെ ന്യായീകരിച്ച് ധനമന്ത്രി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ധനമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-09-13 05:07:32.0

Published:

13 Sep 2022 4:35 AM GMT

വിവിധ വിഷയങ്ങൾ പഠിക്കാനാണ് യാത്ര, യൂറോപ്പിലേക്ക് പോകാൻ പാടില്ലെന്നുണ്ടോ?; വിദേശയാത്രയെ ന്യായീകരിച്ച് ധനമന്ത്രി
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശ യാത്രയെ ന്യായീകരിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. മറ്റു രാജ്യങ്ങളിലെ വിവിധ വിഷയങ്ങൾ കണ്ടുപഠിക്കാനാണ് യാത്രയെന്നും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ധനമന്ത്രി പറഞ്ഞു. ആളുകൾക്ക് യൂറോപ്പിലേക്ക് പോകാൻ പാടില്ലെന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര സംബന്ധിച്ച റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.

മൊത്തം ചെലവിന്റെ വലിയൊരു ഭാഗം ചെലവാക്കിയല്ല യൂറോപ്പിലേക്ക് പോകുന്നത്. വിവിധ വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് യാത്ര. അത്‌കൊണ്ട് ഇത്തരം യാത്രകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് മാത്രം 15000 കോടി രൂപ ഒറ്റയടിക്ക് ചിലവഴിച്ച സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓണക്കാലത്ത് പണം ചിലവാവുന്നത് സ്വാഭാവിക നടപടിയുടെ ഭാഗമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ആവർത്തിച്ച ധനമന്ത്രി കേന്ദ്ര സർക്കാരിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്തിന് അർഹമായ പണം കേന്ദ്രം അനുവദിക്കുന്നില്ലെന്നാണ് ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ. ഇത് പലതവണ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതാണെന്നും, എന്നാലും തങ്ങൾക്ക് അനുകൂലമായ സമീപനം ഉണ്ടായില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഒക്ടോബറിൽ ലണ്ടൻ, ഫിൻലാൻഡ്, നോർവ്വേ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തുക. ഫിൻലാൻഡിലേക്കുള്ള യാത്ര വിദ്യാഭ്യാസ മേഖലയിലെ ചർച്ചകൾക്കായാണ്. ഫിൻലൻഡിലേക്കുള്ള യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉണ്ടാകും. ചീഫ് സെക്രട്ടറി വി പി ജോയി, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം. വിദ്യാഭ്യാസമേഖലയിലെ സഹകരണം അടക്കം ചർച്ച ചെയ്യുന്നതിനാണ് ഫിൻലാൻഡ് സന്ദർശനം. മുമ്പ് ഫിൻലൻഡ് സർക്കാർ പ്രതിനിധികൾ കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിൻലൻഡ് സന്ദർശനമെന്നാണ് വിശദീകരണം.

മുഖ്യമന്ത്രിയും സംഘവും ഫിൻലൻഡിലെ നോക്കിയ നിർമ്മാണ യൂണിറ്റും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. ലണ്ടൻ സന്ദർശനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിൽ നിന്നുള്ള അനുമതിക്കായി പൊതുഭരണവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കോവിഡിന് മുമ്പ് നെതർലാന്റ് അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ച് പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുകയും അത് കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് പൂർണമായും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

TAGS :

Next Story