Quantcast

പുറമ്പോക്ക് ഭൂമി കയ്യേറി മതിലുകെട്ടി; മാത്യു കുഴൽനാടനെതിരെ വിജിലൻസ്

മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലം പോക്കുവരവ് ചെയ്തതിലും ക്രമക്കേടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി.

MediaOne Logo

Web Desk

  • Updated:

    2024-01-20 14:43:10.0

Published:

20 Jan 2024 11:25 AM GMT

mathew kuzhalnadan
X

ഇടുക്കി: മാത്യു കുഴൽനാടൻ സർക്കാർ പുറമ്പോക്ക് ഭൂമി കൈയ്യേറി മതിൽ നിർമിച്ചതായി വിജിലൻസ് കണ്ടെത്തൽ. ഭൂമി രജിസ്ട്രേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 1,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം രജിസ്ട്രേഷൻ സമയത്ത് മറച്ചു വച്ചു. 2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലം പോക്കുവരവ് ചെയ്തതിലും ക്രമക്കേടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി.

120 A ഉൾപ്പെട്ട സ്ഥലം ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ അടയാളപ്പെടുത്തിയില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, മിച്ചഭൂമിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ കുഴൽ നാടന് പങ്കുണ്ടെന്നതിൽ തെളിവില്ല. തുടർന്ന് മിച്ചഭൂമിയായ 50 സെന്റ് തിരികെ പിടിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യാനാണ് വിജിലൻസിന്റെ നീക്കം.

എന്നാല്‍, ഭൂമി അളന്ന് നോക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നാണ് മാത്യു കുഴല്‍നാടന്‍ പറയുന്നത്. അധികഭൂമി ഉണ്ടെന്ന് കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കട്ടെ. ഒരു കെട്ടിടത്തിന്റെ മൂല്യം കണക്കാക്കാതിരുന്നത് കെട്ടിടനമ്പര്‍ ഇല്ലാത്തതിനാലാണ്. രജിസ്‌ട്രേഷന്‍ സമയത്ത് ഈ കെട്ടിടം കാണിക്കാതിരുന്നത് ഇതുകാരണമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

തൊടുപുഴ മുട്ടത്തുള്ള ഓഫീസിൽ വിളിച്ചുവരുത്തി വിജിലൻസ് മാത്യു കുഴൽനാടന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലും പ്രമാണത്തിലും നൽകിയിരിക്കുന്ന തുകയിലെ വ്യത്യാസം സംബന്ധിച്ച വിവരങ്ങളാണ് വിജിലൻസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. ഒപ്പം ഏഴ് കോടി രൂപയോളം വരുന്ന റിസോർട്ടിന്റെ വിലമതിപ്പ് രേഖകളിൽ ഒരു കോടി 90 ലക്ഷം രൂപ മാത്രം രേഖപ്പെടുത്തിയതും വിജിലൻസ് ചോദ്യം ചെയ്തു. ഏതെങ്കിലും രീതിയിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരങ്ങളും വിജിലൻസ് തേടിയിരുന്നു.

എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും അധികാരം കൊണ്ട് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നേരിടുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പ്രതികരിച്ചു. വിജിലൻസ് ആവശ്യപ്പെട്ടാൽ കൃത്യമായ തെളിവുകൾ ഹാജരാക്കും, അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും കുഴൽനാടൻ പറഞ്ഞു.

2022ൽ ആണ് മാത്യുവും സുഹൃത്തുക്കളും കപ്പിത്താൻസ് റിസോർട്ട് വാങ്ങിയത്. ഒരു കോടി 92 ലക്ഷം രൂപ ആധാരത്തിൽ കാണിച്ച വസ്തുവിന് നാമനിർദേശത്തിനൊപ്പം നൽകിയ സത്യവാങ്ങ്മൂലത്തിൽ മാത്യുവിൻ്റെ ഷെയറായി മൂന്നര കോടി രൂപയാണ് കാണിച്ചിരിക്കുന്നതെന്നും ഏഴ് കോടി മതിപ്പ് വിലയുണ്ടായിട്ടും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടക്കാതെ ഖജനാവിന് നഷ്ടം വരുത്തിയെന്നുമാണ് പരാതി.

TAGS :

Next Story