മലപ്പുറത്ത് ഫർണിച്ചർ നിർമാണ യൂണിറ്റിന് തീപിടിച്ചു
ഹരിതകർമസേന കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്

മലപ്പുറം:മലപ്പുറം മേലെ ചേളാരിയിൽ ഫർണിച്ചർ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്ന ഷെഡിന് തീപിടിച്ചു. ഹരിതകർമസേന കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്. താനൂരിൽ നിന്നുള്ള യൂണിറ്റിനു പുറമേ തിരൂരിൽ നിന്നും മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
എറണാകുളം നെട്ടൂരിൽ ആളൊഴിഞ്ഞ ഫ്ലാറ്റിന് സമീപമുള്ള കെട്ടിടത്തിനടിയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ച് സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ കത്തിനശിച്ചു. നെട്ടൂർ പാറയിൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള മാരുതി സെൻ കാർ, അമ്പലത്ത് വീട് റിയാസിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര സൈലോ കാറുമാണ് തീ പിടിത്തത്തിൽ പൂർണമായും കത്തിനശിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മരട് നഗരസഭയിലെ പുതിയ 29-ാം ഡിവിഷനിലെ ഹരിത കർമസേന വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. നിമിഷ നേരം കൊണ്ടാണ് തീ വ്യാപിച്ചത്. സാമൂഹികവിരുദ്ധർ തീ ഇട്ടതാകാമെന്നാണ് സംശയം. നാട്ടുകാർ പലതവണ പ്ലാസ്റ്റിക് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭാ അധികൃതർ തയാറായില്ലെന്നും ആരോപണമുണ്ട്. വലിയ രീതിയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചിരുന്നത്. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ്.
Adjust Story Font
16

