കോഴിക്കോട് ചെരിപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം
കെട്ടിടത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ ചെരിപ്പ് നിർമാണ ഫാക്ടറിക്ക് തീപിടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ചെരിപ്പും അസംസ്കൃത വസ്തുക്കളും കത്തിനശിച്ചു. ഫാക്ടറി കെട്ടിടത്തില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികൾ പുറത്തുകടന്നതിനാല്‍ ആളപായം ഒഴിവായി. അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയർ അറിയിച്ചു.
പുലർച്ചെ 1.30ഓടെ സ്‌ഫോടനത്തോടെയാണ് മാര്‍ക്ക് എന്ന ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. ആദ്യം ഒരു പൊട്ടിത്തെറി ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഫാക്ടറിയുടെ പിറകുവശത്ത് നിന്നാണ് തീ ഉയർന്നത്. ആദ്യം മീഞ്ചന്തയിൽ നിന്നും പിന്നീട് വെള്ളിമാടുകുന്ന്, മുക്കം, കൊയിലാണ്ടി, വടകര, നരിക്കുനി, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിൽ നിന്നായി 8 ഫയർ ഫോഴ്സ് യൂനിറ്റുകളെത്തി മണിക്കൂറുകളോളം പരിശ്രമിച്ച് തീ കെടുത്തുകയായിരുന്നു.
ഫാക്ടറി കെട്ടിടത്തിൽ തന്നെയുണ്ടായിരുന്ന അതിഥി തൊഴിലാളികൾ തീ കണ്ട് പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ഫാക്ടറിയിൽ ഒരു കോടി രൂപക്ക് മുകളിൽ ചെരിപ്പ് സ്റ്റോക്ക് ഉണ്ടായിരുന്നു. അസംസ്കൃത വസ്തുക്കളും ഓഫീസും യന്ത്രങ്ങളും എല്ലാം തീപിടിച്ചു. ഉണ്ടായത് വലിയ തീപിടുത്തമാണ്. എന്നാൽ സമീപത്തെ കെട്ടിടത്തിലേക്കും വീടുകളിലേക്കും തീ പടരാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.
വ്യവസായ മേഖലയാണിത്. തീ മറ്റു കെട്ടിടങ്ങളിലേക്ക് പടര്‍ന്നുപിടിക്കാതെ തടയുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. നിരവധി ഫയര്‍ യൂണിറ്റുകളെ ഉടന്‍ സ്ഥലത്തെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
Adjust Story Font
16

