Quantcast

വിദ്യാർഥികളെ പാദപൂജക്ക് നിർബന്ധിതരാക്കിയ സംഭവം: സമഗ്ര അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു

''ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അപരിഷ്കൃതവും അവസാനിപ്പിക്കേണ്ടതുമാണ്''

MediaOne Logo

Web Desk

  • Updated:

    2025-07-13 06:50:34.0

Published:

13 July 2025 10:49 AM IST

വിദ്യാർഥികളെ പാദപൂജക്ക് നിർബന്ധിതരാക്കിയ സംഭവം: സമഗ്ര അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു
X

തിരുവനന്തപുരം: വിദ്യാർഥികളെ പാദപൂജക്ക് നിർബന്ധിതരാക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഇതു സംബന്ധിച്ച് കെഎസ്‌യു മുഖ്യമന്ത്രിക്ക് പരാതി നൽകി.

കാസർഗോഡ് ബന്തുടക്കയിലെ ആർ.എസ്.എസ്.നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാലയത്തിലും, മാവേലിക്കരയിലെ വിദ്യാധിരാജാ സെൻട്രൽ സ്കൂൾ ഉൾപ്പടെ വിവിധ ജില്ലകളിലെ സ്കൂളുകളില്‍ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം പ്രതിഷേധാർഹമാണെന്നും കത്തിൽ പറയുന്നു.

ഇത്തരത്തിൽ വിദ്യാർത്ഥികളെ പാദപൂജക്ക് നിർബന്ധിതരാക്കിയ സംഭവം സാക്ഷര കേരളത്തിന് അപമാനകരമാണ്. ഒരു വിദ്യാർത്ഥിക്ക് തൻ്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനു സമാനമാണ് പ്രസ്തുത പ്രവൃത്തി. നമ്മുടെ സംസ്ഥാനത്തെ ജനാധിപത്യ മതേതര ബോധം ചോദ്യം ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടികാട്ടുന്നു.

ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഇത്തരം സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അപരിഷ്കൃതവും അവസാനിപ്പിക്കേണ്ടതുമാണ്. കഴിഞ്ഞ 10 വർഷക്കാലമായി ഇത്തരം സ്കൂളുകളുടെ മറവിൽ “ആർ.എസ്.എസ് സ്ലീപ്പിംഗ് സെല്ലുകൾ” പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തേണ്ടതായുണ്ട്. ഇത്തരം ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരും ഒരുപോലെ കുറ്റക്കാരാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി തുടർ നിയമ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർആവശ്യപ്പെടുന്നു.

TAGS :

Next Story