Quantcast

'വിദ്യാർഥികളുടെ മത്സരമല്ല ഉദ്യോഗസ്ഥരുടെ കലോത്സവം, രൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ 1.10 കോടി അനുവദിച്ചു'; റവന്യൂ കലോത്സവത്തിനെതിരെ വി.ടി ബൽറാം

ജില്ലാ തല മത്സരങ്ങൾക്ക് ലക്ഷങ്ങൾ വേറെ ചെലവായിട്ടുണ്ടെന്നും നികുതി വർദ്ധനവുകളേക്കുറിച്ച് ചർച്ച നടക്കുമ്പോഴാണ് മറുഭാഗത്ത് ഖജനാവ് ചോർത്തുന്ന പാഴ്‌ച്ചെലവുകൾ ഉണ്ടാകുന്നതെന്നും മുൻ എംഎൽഎ

MediaOne Logo

Web Desk

  • Published:

    23 Jun 2022 4:58 PM GMT

വിദ്യാർഥികളുടെ മത്സരമല്ല ഉദ്യോഗസ്ഥരുടെ കലോത്സവം, രൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ 1.10 കോടി അനുവദിച്ചു; റവന്യൂ കലോത്സവത്തിനെതിരെ വി.ടി ബൽറാം
X

നാളെ മുതൽ തൃശൂരിൽ അരങ്ങേറുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ എംഎൽഎ വി.ടി ബൽറാം. സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള വിദ്യാർഥികളുടെ റവന്യൂ ജില്ലാതല മത്സരമൊന്നുമല്ല തൃശ്ശൂരിൽ നാളെ നടക്കുന്നതെന്നും സംസ്ഥാനത്തെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മാത്രമുള്ള പ്രത്യേക കലോത്സവമാണെന്നും അതിനായി രൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ 1.10 കോടി അനുവദിച്ചുവെന്നും വി.ടി ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

നേരത്തെ ജില്ലാ തല മത്സരങ്ങൾക്ക് ലക്ഷങ്ങൾ വേറെ ചെലവായിട്ടുണ്ടെന്നും പലതരം നികുതി വർദ്ധനവുകളേക്കുറിച്ച് ഒരു ഭാഗത്ത് ചർച്ചകൾ തകൃതിയായി നടക്കുമ്പോഴാണ് മറുഭാഗത്ത് ഖജനാവ് ചോർത്തുന്ന പാഴ്‌ച്ചെലവുകൾ ഇങ്ങനെ പുതുതായി ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുന്ന റവന്യൂ വകുപ്പിന് കീഴിലെ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കലക്ടറേറ്റ് തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാരാണ് കലോത്സവത്തിൽ പങ്കെടുക്കുന്നതെന്നും മത്സരത്തിനും തയ്യാറെടുപ്പിനുമായി ഒരുപാട് സമയം ഇതിനകം ചെലവഴിച്ചു കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


"സംസ്ഥാന റവന്യൂ കലോത്സവം" നാളെ മുതൽ തൃശൂരിൽ അരങ്ങേറുന്നു. സ്ക്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള വിദ്യാർത്ഥികളുടെ റവന്യൂ...

Posted by VT Balram on Thursday, June 23, 2022

ഇങ്ങനെ ഓരോ ഡിപ്പാർട്ട്‌മെന്റിലേയും ഉദ്യോഗസ്ഥർക്ക് വർഷം തോറും പ്രത്യേക കലോത്സവങ്ങൾ നടത്താനും അതിനൊക്കെ പൊതുഖജനാവിൽ നിന്ന് ഫണ്ട് അനുവദിക്കാനുമാണോ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ടെന്നും ബൽറാം പറഞ്ഞു.

ഇങ്ങനെ മേളകളും ആഘോഷങ്ങളുമൊക്കെ നടന്നാൽ ഗുണമുണ്ടാവുന്ന പലരുമുണ്ടെന്നും പാർട്ടിയുടെ എറാൻമൂളികളായ പല 'സാംസ്‌കാരിക നായകർ'ക്കും അനുബന്ധ പരിപാടികളുടെ ഭാഗമായി വയറ്റിപ്പിഴപ്പിനുള്ളത് സർക്കാർ ചെലവിൽ അനുവദിച്ചു നൽകാമെന്നും അദ്ദേഹം പരിഹസിച്ചു. ഭക്ഷണം മുതൽ പന്തൽ വരെയുള്ള എല്ലാകാര്യങ്ങളും സ്വന്തക്കാർക്ക് വീതിച്ചു നൽകി അവരെ കൂടെ നിർത്താമെന്നും അദ്ദേഹം വിമർശിച്ചു.

വി.ടി ബൽറാമിന്റെ എഫ്ബി പോസ്റ്റിന്റെ പൂർണ രൂപം

"സംസ്ഥാന റവന്യൂ കലോത്സവം" നാളെ മുതൽ തൃശൂരിൽ അരങ്ങേറുന്നു. സ്ക്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള വിദ്യാർത്ഥികളുടെ റവന്യൂ ജില്ലാതല മത്സരമൊന്നുമല്ല കേട്ടോ, തെറ്റിദ്ധാരണ വേണ്ട, ഇത് സംസ്ഥാനത്തെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മാത്രമുള്ള പ്രത്യേക കലോത്സവമാണ്! വില്ലേജ് അസിസ്റ്റന്റ് മുതൽ ജില്ലാ കളക്ടർമാർ വരെയുള്ളവരും ദുരന്ത നിവാരണ വകുപ്പിലെ ഉദ്യോഗസ്ഥരുമൊക്കെയാണ് പങ്കെടുക്കുന്നത്. ഏതാണ്ട് 19000 ഉദ്യോഗസ്ഥരാണ് വകുപ്പിലുള്ളത്.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം നാൾക്കുനാൾ നീങ്ങുമ്പോഴാണ് പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ജീവനക്കാർക്കായി പുതിയതായി കലോത്സവ പരിപാടികൾ വകുപ്പുതലത്തിൽ ആരംഭിക്കുന്നത്. സംസ്ഥാന മേളക്ക് 1.10 കോടി രൂപ പ്രത്യേകമായി അനുവദിച്ചു കഴിഞ്ഞു. നേരത്തെ ജില്ലാ തല മത്സരങ്ങൾക്ക് ലക്ഷങ്ങൾ വേറെ ചെലവായിട്ടുണ്ട്. കെട്ടിട നികുതിയടക്കം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള പല തരത്തിലുള്ള നികുതി വർദ്ധനവുകളേക്കുറിച്ച് ഒരു ഭാഗത്ത് ചർച്ചകൾ തകൃതിയായി നടക്കുമ്പോഴാണ് മറുഭാഗത്ത് ഖജനാവ് ചോർത്തുന്ന പാഴ്ച്ചെലവുകൾ ഇങ്ങനെ പുതുതായി ഉണ്ടായിക്കൊണ്ടേയിരിക്കുന്നത് !

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ജനങ്ങൾ നേരിട്ട് ആശ്രയിക്കുന്ന സർക്കാർ ഓഫീസുകളാണ് റവന്യൂ വകുപ്പിന് കീഴിലെ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കളക്ടറേറ്റ് തുടങ്ങിയവ. വേണ്ടത്ര ആളില്ലാത്തത് കാരണവും ജോലിഭാരം കാരണവും ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നതും ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളിൽ കാലതാമസം അനുഭവിക്കേണ്ടി വരുന്നതും ഈ വകുപ്പിലെ ഓഫീസുകളിലാണ്. എന്നിട്ടാണ് അവിടത്തെ ഉദ്യോഗസ്ഥർ അവർക്ക് വേണ്ടി മാത്രമുള്ള പ്രത്യേക കലോത്സവുമായി നടക്കുന്നത്. ജില്ലാ തല മത്സരങ്ങളൊക്കെ ഇതിനോടകം കഴിഞ്ഞു. മത്സരങ്ങളും അവയുടെ തയ്യാറെടുപ്പും മന്ത്രിമാരടക്കം പങ്കെടുത്ത സമ്മാനദാനച്ചടങ്ങുകളുമൊക്കെയായി ഒരുപാട് ഓഫീസ് പ്രവർത്തനസമയമാണ് ഇതിനോടകം തന്നെ ചെലവഴിക്കപ്പെട്ടത്. ഇതിന് ശേഷമാണ് ഇപ്പോൾ സാംസ്കാരിക ഘോഷയാത്രയും ഫ്ലാഷ്മോബും ഒക്കെച്ചേർത്ത് സംസ്ഥാന കലോത്സവം നടക്കാനിരിക്കുന്നത്. നിരവധി അനുബന്ധ പരിപാടികളുമുണ്ട്.

ഇങ്ങനെ ഓരോ ഡിപ്പാർട്ട്മെന്റിലേയും ഉദ്യോഗസ്ഥർക്ക് വർഷം തോറും പ്രത്യേക കലോത്സവങ്ങൾ നടത്താനും അതിനൊക്കെ പൊതുഖജനാവിൽ നിന്ന് ഫണ്ട് അനുവദിക്കാനുമാണോ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. റവന്യൂ ഡിപ്പാർട്ട്മെന്റിൽ ഉള്ളതിന്റെ പത്തിരട്ടിയോളം ജീവനക്കാർ വിദ്യാഭ്യാസ വകുപ്പിലുണ്ട്. ഇരട്ടിയോളം ആളുകൾ ആരോഗ്യ വകുപ്പിലുണ്ട്. ജുഡീഷ്യൽ സർവ്വീസിൽപ്പോലും ഏതാണ്ട് ഇത്രത്തോളം ഉദ്യോഗസ്ഥരുണ്ട്. ഇവരെല്ലാവരും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കലോത്സവങ്ങളും ആഘോഷപരിപാടികളും സംഘടിപ്പിച്ച് സമയം കളഞ്ഞാൽ എന്താവും ഭരണത്തിന്റെ സ്ഥിതി?

ഇങ്ങനെ മേളകളും ആഘോഷങ്ങളുമൊക്കെ നടന്നാൽ ഗുണമുണ്ടാവുന്ന പലരുമുണ്ട് എന്നത് കാണാതിരിക്കുന്നില്ല. മാധ്യമങ്ങൾക്ക് നല്ല പരസ്യം കിട്ടും. പാർട്ടിയുടെ എറാൻമൂളികളായ പല "സാംസ്കാരിക നായകർ"ക്കും അനുബന്ധ പരിപാടികളുടെ ഭാഗമായി വയറ്റിപ്പിഴപ്പിനുള്ളത് സർക്കാർ ചെലവിൽ അനുവദിച്ചു നൽകാം. ഭക്ഷണം മുതൽ പന്തൽ വരെയുള്ള എല്ലാകാര്യങ്ങളും സ്വന്തക്കാർക്ക് വീതിച്ചു നൽകി അവരെ കൂടെ നിർത്താം. അതുകൊണ്ടുതന്നെ അവരൊക്കെ 'ദീപസ്തംഭം മഹാശ്ചര്യം' എന്ന് പാടിപ്പുകഴ്ത്താനുണ്ടാവും. എന്നാലും ഇതിന്റെയൊക്കെപ്പേരിൽ ചോർത്തപ്പെടുന്നത് കടക്കെണിയിലേക്ക് നീങ്ങുന്ന ഒരു സംസ്ഥാനത്തിന്റെ ഖജനാവും ജനങ്ങൾക്ക് ലഭിക്കേണ്ട സേവന സമയവുമാണെന്നത് ആരാലെങ്കിലുമൊക്കെ ചൂണ്ടിക്കാണിക്കപ്പെടണമല്ലോ!


Former MLA VT Balram criticizes State Revenue Arts Festival in Thrissur

TAGS :

Next Story