Quantcast

ആദ്യം കുറഞ്ഞ പലിശയ്ക്ക് വായ്പ, പിന്നെ കുത്തനെ കൂട്ടും, പതിയെ വീട് കൈക്കലാക്കും; പേരാമ്പ്രയില്‍ യുവതിയുടെ തട്ടിപ്പ്

പണം നല്‍കുന്ന സമയത്ത് ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും ഖദീജ വാങ്ങിയെടുക്കും

MediaOne Logo

Web Desk

  • Updated:

    2026-08-28 06:20:46

Published:

28 Aug 2026 11:46 AM IST

ആദ്യം കുറഞ്ഞ പലിശയ്ക്ക് വായ്പ, പിന്നെ കുത്തനെ കൂട്ടും, പതിയെ വീട് കൈക്കലാക്കും; പേരാമ്പ്രയില്‍ യുവതിയുടെ തട്ടിപ്പ്
X

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ പലിശയ്ക്ക് പണം വായ്പ നല്‍കുന്നതിന്റെ പേരില്‍ വന്‍ തട്ടിപ്പെന്ന് പരാതി. കുറഞ്ഞ പലിശയ്ക്ക് പണം വായ്പ നല്‍കി മാസങ്ങള്‍ക്ക് ശേഷം പലിശ ഉയര്‍ത്തുകയും പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നതോടെ വീടും സ്ഥലവും തട്ടിയെടുക്കുന്നതാണ് രീതി. പയ്യോളി സ്വദേശിനി പി.ടി ഖദീജയെന്ന ഷരീഫയ്‌ക്കെതിരെയാണ് പരാതി.

വടകര, ഇരിങ്ങത്ത്, പയ്യോളി, പേരാമ്പ്ര മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഖദീജയുടെ തട്ടിപ്പ്. തുടക്കത്തില്‍ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് പണം നല്‍കിയ ശേഷം ഒന്നോ രണ്ടോ മാസത്തിനകം പലിശനിരക്ക് 8 ശതമാനത്തില്‍ നിന്ന് 15-16 ശതമാനം വരെയായി കുത്തനെ ഉയർത്തും. പണം നല്‍കുന്ന സമയത്ത് ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും ഖദീജ വാങ്ങിയെടുക്കും. ഈ കടലാസുകള്‍ ദുരുപയോഗം ചെയ്ത് അഡ്വാന്‍സ് തുകയായി ലക്ഷങ്ങള്‍ വാങ്ങി വീട് വില്‍ക്കാന്‍ കരാറുണ്ടാക്കിയെന്ന വ്യാജരേഖകളും ഇവര്‍ നിര്‍മിക്കുമെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ വായ്പയെടുത്തവര്‍ 8 ലക്ഷത്തോളം രൂപ തിരിച്ചുനല്‍കിയിട്ടും വീണ്ടും തുക ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

ഇരയാക്കപ്പെട്ടവരെ സമ്മര്‍ദത്തിലാക്കാന്‍ ബെംഗളൂരുവിലാണ് ഖദീജ കേസ് നല്‍കുന്നത്. കേസ് നടത്തുന്നതിനായി അവിടേക്ക് കഴിയാത്ത പാവപ്പെട്ട ഇരകളില്‍ നിന്ന് വീണ്ടും ഇവര്‍ ലക്ഷങ്ങള്‍ കൈക്കലാക്കും. തട്ടിപ്പിനിരയായ മിനി എന്ന വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പേരില്‍ നല്‍കിയ വ്യാജ കേസില്‍ 18 ദിവസത്തോളം അവര്‍ക്ക് ബെംഗളൂരുവിലെ അഗ്രഹാര ജയിലില്‍ കഴിയേണ്ടി വന്നു. മറ്റൊരു ഇരയായ സഫൂറയ്ക്ക് സ്വന്തം വീടും സ്ഥലവും നഷ്ടമായി. കര്‍ണാടക പൊലീസ് എത്തി അറസ്റ്റ് ചെയ്യുമെന്ന നിരന്തര ഭീഷണിയെ തുടര്‍ന്ന് പല കുടുംബങ്ങളും സ്വന്തം വീടുകളില്‍ നിന്ന് മാറി ബന്ധുവീടുകളിലും അയല്‍വീടുകളിലുമാണ് കഴിയുന്നത്.

തട്ടിപ്പിനിരയായവര്‍ ഖദീജയ്‌ക്കെതിരെ വടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ശക്തമായ അന്വേഷണമോ നടപടികളോ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

TAGS :

Next Story