മലപ്പുറത്ത് സർക്കാർ സ്‌കൂളിന് സ്ഥലം വാങ്ങാൻ കൂപ്പൺ പിരിവുമായി വിദ്യാർഥികൾ; പ്രതിഷേധം
ടാക്‌സിനത്തിൽ സർക്കാരിന് നൽകേണ്ട 25 ലക്ഷം രൂപയും നാട്ടുകാർ പിരിവെടുത്ത് നൽകുകയാണ്

Maranchery School | Photo | School Wiki
മാറഞ്ചേരി: മലപ്പുറത്ത് സർക്കാർ സ്‌കൂളിന് സ്ഥലം വാങ്ങാൻ നാട്ടുകാരും വിദ്യാർഥികളും പിരിവെടുക്കുന്നു. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടം പണിയാൻ സ്ഥലം വാങ്ങാനാണ് പണപ്പിരിവ്. 3700 കുട്ടികൾ പഠിക്കുന്ന സ്‌കൂൾ പരിമിതമായ സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത്. ഇന്റർവെൽ സമയത്ത് പോലും കുട്ടികൾക്ക് ഒരുമിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. എല്ലാവർക്കും ഒരുമിച്ച് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ വൈകിട്ട് 3.15 മുതൽ നാല് വരെ വിവിധ ഘട്ടങ്ങളായാണ് സ്‌കൂൾ വിടുന്നത്.
പുതിയ കെട്ടിടം പണിയാൻ സ്ഥലപരിമിതിയുള്ളതിനാലാണ് സമീപത്തുള്ള ഒരേക്കർ സ്ഥലം വാങ്ങാൻ തീരുമാനിച്ചത്. സ്ഥലം വാങ്ങാനുള്ള മൂന്ന് കോടി രൂപയിൽ ഒരു കോടി രൂപ ജില്ലാ പഞ്ചായത്തും ഒരു കോടി രൂപ പി.നന്ദകുമാർ എംഎൽഎയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കിവരുന്ന ഒരു കോടി രൂപക്കായാണ് പിരിവ് നടക്കുന്നത്. ജില്ലാ പഞ്ചായത്തും എംഎൽഎയും അനുവദിച്ച രണ്ട് കോടി രൂപക്ക് ടാക്‌സിനത്തിൽ സർക്കാരിന് നൽകേണ്ട 25 ലക്ഷം രൂപയും നാട്ടുകാർ പിരിവെടുത്ത് നൽകുകയാണ്. ഇതിൽ 15 ലക്ഷം രൂപയാണ് ഇനി പിരിക്കാനുള്ളത്.
വിദ്യാർഥികൾ കൂപ്പണിച്ച് പിരിവെടുത്താണ് സ്ഥലം വാങ്ങാൻ പണം കണ്ടെത്തുന്നത്. കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് നിർവഹിച്ചു.
അതേസമയം മലപ്പുറത്ത് മാത്രം വികസനത്തിന് നാട്ടുകാർ പിരിവെടുത്ത് നൽകേണ്ട സാഹചര്യം ജില്ലയോടുള്ള വിവേചനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഭരണകക്ഷി എംഎൽഎയുടെ മണ്ഡലത്തിൽ പോലും നാട്ടുകാർ പിരിവെടുത്ത് വികസനം കൊണ്ടുവരേണ്ട സാഹചര്യമാണെന്ന് എസ്‌ഐഒ ജില്ലാ പ്രസിഡന്റ് അഡ്വ. അസ്‌ലം പള്ളിപ്പടി പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജിലും സമാനമായ സ്ഥിതിയാണെന്നും മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന പണി മാത്രമാണ് മഞ്ചേരിയിൽ നടക്കുന്നതെന്നും അസ്‌ലം ചൂണ്ടിക്കാട്ടി.
ജില്ലയോടുള്ള വിവേചനത്തിനെതിരെ സോഷ്യൽ മീഡിയയിലും വലിയ വിമർശനം ഉയരുന്നുണ്ട്. കോവിഡ് കാലത്ത് സർക്കാർ ആശുപത്രിയിൽ അവശ്യസൗകര്യമൊരുക്കാൻ പൊതുപിരിവിന് കലക്ടർ ആഹ്വാനം ചെയ്യുകയും വലിയ പ്രതിഷേധം ഉയർന്നതോടെ കലക്ടർക്ക് പിന്തിരിയേണ്ടിവരികയും ചെയ്തിരുന്നു.
Adjust Story Font
16

