തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; അഞ്ചുലക്ഷം രൂപ വകമാറ്റിയ നേതാവിന് വീണ്ടും പദവി ,പാര്‍ട്ടി വിടുമെന്ന് കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരൻ
തരംതാഴ്ത്തിയ നേതാവിനെ തിരിച്ചെടുക്കാന്‍ ഇടപെട്ടത് മന്ത്രി വി. ശിവൻകുട്ടിയാണ് വിഷ്ണുവിന്റെ സഹോദരൻ വിനോദ് ആരോപിച്ചു

തിരുവനന്തപുരം: കണ്ണൂരിന് പുറമെ തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നൽകിയെന്നും മന്ത്രി വി. ശിവൻകുട്ടിയാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം.രക്തസാക്ഷി ഫണ്ടിൽ നിന്ന് മുൻ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ അഞ്ച് ലക്ഷം വകമാറ്റിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തരം താഴ്ത്തിയ ലോക്കല്‍ സെക്രട്ടറിക്ക് സിഐടിയു ജില്ലാ സെക്രട്ടറി പദവി നല്‍കുകയും ചെയ്തു.
2008 ലാണ് വഞ്ചിയൂരിൽ വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്‍റെ മരണത്തിന് പിന്നാലെയാണ് പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചത്. ആരോപണത്തിന് പിന്നാലെ വിഷ്ണുവിന്‍റെ സഹോദരൻ വിനോദ് സിപിഎം വിടാൻ ഒരുങ്ങുകയാണ്.
പത്തുലക്ഷം രൂപയാണ് രക്ഷസാക്ഷി ഫണ്ടായി സ്വരൂപിച്ചിരുന്നെന്ന് സഹോദരൻ വിനോദ് പറഞ്ഞു. 'അഞ്ചു ലക്ഷം രൂപ അമ്മയുടെ പേരിൽ നൽകി.ബാക്കി അഞ്ചുലക്ഷം പാർട്ടിയുടെ അക്കൗണ്ടിൽ സൂക്ഷിച്ചു. ഈ പണം രവീന്ദ്രൻ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചു. ഇക്കാര്യം 15 വർഷം കഴിഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയും പാർട്ടി അംഗമായി തരംതാഴ്ത്തുകയും ചെയ്തു.പിന്നീട് ഇയാളെ സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയാക്കി.ഇത് ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കില്ല' വിഷ്ണുവിന്റെ സഹോദരൻ പറഞ്ഞു.
അതേസമയം, ആരോപണത്തിൽ കഴമ്പില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് പ്രതികരിച്ചു. ബാക്കിയുള്ള അഞ്ചു ലക്ഷം രൂപ കേസ് നടത്തിപ്പിനാണ് മാറ്റിവെച്ചത്. പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്യാതെ വക്കീലന്മാർക്ക് പണം കൈമാറിയെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. പുതിയൊരു പദവി നൽകിയിട്ടില്ലെന്നും വി.ജോയ് വിശദീകരിച്ചു.
Adjust Story Font
16

