എല്ലാത്തിനും പെർഫക്ട് ആണെന്ന് പറയുന്നതാണ് പുതിയ രീതി, കുറവുണ്ടെന്ന് പറഞ്ഞാൽ അവർ കുഴപ്പക്കാരാണ്; സർക്കാരിനെതിരെ ഒളിയമ്പുമായി ജി. സുധാകരൻ
'കമ്യൂണിസ്റ്റ് പാർട്ടിയിൽ ഈഗോയിസം ഒട്ടും പാടില്ലെന്നാണ് പറയുന്നത്'

ആലപ്പുഴ: എൽഡിഎഫ് സർക്കാരിനെതിരെ വീണ്ടും ഒളിയമ്പുമായി സിപിഎം നേതാവ് ജി. സുധാകരൻ. എല്ലാത്തിനും പെർഫക്ട് ആണെന്ന് പറയുന്നതാണ് പുതിയ രീതിയെന്നും എന്തെങ്കിലും കുറവുണ്ടെന്ന് പറഞ്ഞാൽ അവർ കുഴപ്പക്കാരാണെന്നും ജി. സുധാകരൻ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇഗോയിസം ഒട്ടും പാടില്ലെന്നാണ് പറയുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറവില്ലെന്ന് പറഞ്ഞ് അഹങ്കരിക്കരുത്. ഞാനെന്ന ഭാവത്തിന് അഹംഭാവമെന്നാണ് പറയുന്നത്. കുറവുകളെക്കുറിച്ച് മനസിലാക്കണമെന്നും
സുധാകരൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കുട്ടനാട് വെച്ച് നടന്ന കെഎസ്‌കെടിയുവിന്റെ മുഖമാസിക ‘കർഷക തൊഴിലാളി’യുടെ വി.എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണ ചടങ്ങിൽ സുധാകരൻ പങ്കെടുത്തിരുന്നില്ല. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ വീട്ടിലെത്തി സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പരിപാടിയുടെ നോട്ടിസിൽ സുധാകരൻ്റെ പേരുണ്ടായിരുന്നില്ല.
Adjust Story Font
16

