Quantcast

വീണ്ടും സജീവമായി സ്വർണം പൊട്ടിക്കൽ സംഘങ്ങൾ; കരിപ്പൂരിൽ 13 പേർ പിടിയിൽ

പിടിയിലായവരിൽ ഭൂരിഭാഗം പേരും കണ്ണൂർ സ്വദേശികളാണ്

MediaOne Logo

Web Desk

  • Published:

    8 Jun 2026 9:33 AM IST

വീണ്ടും സജീവമായി സ്വർണം പൊട്ടിക്കൽ സംഘങ്ങൾ; കരിപ്പൂരിൽ 13 പേർ പിടിയിൽ
X

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും സ്വർണവും പണവും കവരുന്ന 'സ്വർണം പൊട്ടിക്കൽ' സംഘത്തിലെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത സംഘങ്ങളിൽ പെട്ടവരാണ് പിടിയിലായത്. ഇവരിൽ നിന്നും വാഹനങ്ങളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഇതിനിടെ, ഇന്നലെ രാത്രി വിമാനത്താവളത്തിൽ എത്തിയ ഒരു യാത്രക്കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബവും പൊലീസിനെ സമീപിച്ചിട്ടുണ്ട്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയകളിലും ഇന്റർനാഷണൽ അറൈവൽ ഏരിയയിലുമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് സ്വർണവും പണവും കവരാൻ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്. പ്രതികളുടെ പക്കൽ നിന്നും രണ്ട് കാറുകൾ, രണ്ട് സ്കൂട്ടറുകൾ, 14 മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത് ഫോണുകൾ പരിശോധിച്ചതിൽ നിന്ന് കവർച്ച കൃത്യമായി ആസൂത്രണം ചെയ്തതിന്റെ വാട്സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് പ്രതികൾ കരിപ്പൂരിൽ സ്വർണം പൊട്ടിക്കാനായി എത്തിയത്. പിടിയിലായവരിൽ ഭൂരിഭാഗം പേരും കണ്ണൂർ സ്വദേശികളാണ്. ഷാരോൺ, അക്ഷയ്, താജുദ്ദീൻ, സ്വരലാൽ, ധനേഷ്, ശരത്, കനകരാജ്, ജുനൈദ്, രഞ്ജിത്, തിരൂർ സ്വദേശി റിയാസ്, കോഴിക്കോട് സ്വദേശി സുജിത്, വളാഞ്ചേരി സ്വദേശി ഇർഫാൻ, കർണാടക സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. ഇതിനിടെ, ഇവർ പിടിയിലായതറിഞ്ഞ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്ന മറ്റു രണ്ട് സംഘങ്ങൾ സമാനമായ രീതിയിൽ കാറിൽ രക്ഷപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

സ്വർണക്കവർച്ചാ സംഘങ്ങൾ പിടിയിലായതിന് പിന്നാലെയാണ് വിമാനത്താവളത്തിലെത്തിയ യുവാവിനെ കാണാനില്ലെന്ന പരാതിയും കരിപ്പൂർ പൊലീസിന് ലഭിക്കുന്നത്. ഇന്നലെ രാത്രി 9:30ന് ജിദ്ദയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിയെയാണ് കാണാതായത്. യുവാവിനെ ഇത്തരം സ്വർണക്കടത്ത് സംഘങ്ങൾ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം പൊലീസിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ യുവാവിനെ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് സ്വർണം പൊട്ടിക്കൽ കേസുകൾ അന്വേഷിക്കുന്നത്. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കാണാതായ മുഹമ്മദ് സൽമാൻ സാലിക്കായുള്ള തിരച്ചിലും ഇതിനൊപ്പം നടക്കുന്നുണ്ട്.

TAGS :

Next Story