Quantcast

'ഗവർണർ നൽകിയത് കള്ളമൊഴി, സത്യപ്രതിജ്ഞാ ലംഘനം'; ഇ.പി ജയരാജൻ

'ആർ.എസ്.എസ്, ബിജെപി സമ്മർദത്തിന് വഴങ്ങിയാണ് വ്യാജ മൊഴി നൽകിയത്'

MediaOne Logo

Web Desk

  • Published:

    30 Nov 2023 7:15 PM IST

ഗവർണർ നൽകിയത് കള്ളമൊഴി, സത്യപ്രതിജ്ഞാ ലംഘനം; ഇ.പി ജയരാജൻ
X

കണ്ണൂർ: കണ്ണൂർ വി.സി കേസിൽ ഗവർണർ നൽകിയത് കള്ളമൊഴിയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ആർ.എസ്.എസ്, ബിജെപി സമ്മർദത്തിന് വഴങ്ങിയാണ് വ്യാജ മൊഴി നൽകിയത്. ഗവർണറുടേത് സത്യ പ്രതിജ്ഞാ ലംഘനമാണെന്നും ബാഹ്യ സമ്മർദത്തിന് വഴങ്ങിയെങ്കിൽ ഗവർണർ രാജി വെക്കണമെന്നും ഇ,പി ജയരാജൻ പറഞ്ഞു.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഗവർണർക്ക് തൽസ്ഥാനത്തു തുടരാൻ യോഗ്യതയില്ല. പദവിക്ക് ചേർന്ന നിലയിലല്ല ഗവർണ്ണറുടെ വാർത്താ സമ്മേളനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയോ മന്ത്രി ആര്‍ ബിന്ദുവോ സമ്മര്‍ദം ചെലുത്തിയിട്ടില്ല. ഗവര്‍ണര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പദവിയിൽ നിന്ന് ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീംകോടതി ഇന്നാണ് പുറത്താക്കിയത്. പുനർ നിയമനം ചട്ട വിരുദ്ധമെന്ന് വിലയിരുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.. പുനർനിയമനത്തിൽ ഗവർണർക്ക് മേൽ ബാഹ്യ സമ്മർദ്ദമുണ്ടായെന്നും കോടതി കണ്ടെത്തി.

ചാൻസിലറായ ഗവർണർ തൻ്റെ നിയമ പരമായ അധികാരം അടിയറവ് വെച്ചെന്ന വിമർശനത്തോടെയാണ് കണ്ണൂർ വിസി നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. നിയമന പ്രക്രിയയിൽ സർക്കാർ അനാവശ്യമായി ഇടപെട്ടു എന്നും കോടതി നിരീക്ഷിച്ചു.

കേസിൽ കോടതി ഉന്നയിച്ച നാല് ചോദ്യങ്ങളിൽ മൂന്നെണ്ണവും സർക്കാർ നിലപാട് ശരിവെക്കുന്നതായിരുന്നു. കാലാവധിയുള്ള തസ്തികയിൽ പുനർനിയമനം നടത്താമെന്നും ഇതിൽ 60 വയസെന്ന ഉയർന്ന പ്രായപരിധി ബാധകമല്ലെന്നും കോടതി നിരീക്ഷിച്ചു. പുനർ നിയമനം നടത്തുമ്പോൾ വിസി നിയമനത്തിലെ നടപടി ക്രമങ്ങൾ പാലിക്കേണ്ടതില്ലെന്നും കോടതി ശരിവെച്ചു. കോടതി വിധി അംഗീകരിക്കുന്നു എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്.


TAGS :

Next Story