Quantcast

'പ്രിയ വർഗീസിന്റെ നിയമനം തടയാൻ ഗവർണർക്ക് അധികാരമില്ല'; കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല വിസി

താൻ ചാൻസലറായിരിക്കുന്നിടത്തോളം സ്വജനപക്ഷപാതം അനുവദിക്കില്ലെന്ന് പറഞ്ഞ ഗവർണർ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.

MediaOne Logo

Web Desk

  • Published:

    17 Aug 2022 2:19 PM GMT

പ്രിയ വർഗീസിന്റെ നിയമനം തടയാൻ ഗവർണർക്ക് അധികാരമില്ല; കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല വിസി
X

കണ്ണൂർ: കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ ഡോ. പ്രിയ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തതിൽ മറുപടിയുമായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ.

കണ്ണൂർ സർവകലാശാല ചട്ടം 7-(3) പ്രകാരമാണ്ണ് ഗവർണറുടെ ഓർഡർ എന്ന് പറഞ്ഞ അദ്ദേഹം സർവകലാശാല ചട്ടം അനുസരിച്ച് ഗവർണർക്ക് ഇതിന് അധികാരം ഇല്ല എന്ന സൂചനയും നൽകി. ഗവർണരുടെ നടപടിക്ക് എതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ ഗോപിനാഥ് സ്റ്റേ നിയമ പരമായി നിലനിൽക്കില്ലെന്നും വ്യക്തമാക്കി.

പ്രിയക്ക് ജോലിക്ക് അർഹതയുണ്ടെന്ന കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ശിപാർശ ഗവർണർ തള്ളുകയായിരുന്നു.

നിയമനവുമായി ബന്ധപ്പെട്ട് ഇനി ഒരു നടപടിക്രമങ്ങളും എടുക്കരുതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗവർണർ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ അംഗവും മുൻ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന്റെ നിയമനം മാനദണ്ഡങ്ങൾ മറികടന്നാണെന്ന് പരാതി ഉയർന്നിരുന്നു.

താൻ ചാൻസലറായിരിക്കുന്നിടത്തോളം സ്വജനപക്ഷപാതം അനുവദിക്കില്ലെന്ന് പറഞ്ഞ ഗവർണർ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്. വിഷയം Act 73 പ്രകാരം ഗവർണർ നേരിട്ട് അന്വേഷിക്കും. അതിന് ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. ഗോപിനാഥ് രവീന്ദ്രനും പ്രിയ വർഗീസിനും ഗവർണർ വീശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.

TAGS :

Next Story