ഇടുക്കി സീറ്റിന് വേണ്ടി കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു; അതൃപ്തി അറിയിച്ച് കേരള കോൺഗ്രസ്
ജില്ലയിൽ തൊടുപുഴയെ കൂടാതെ കേരള കോൺഗ്രസ് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് ഇടുക്കി

ഇടുക്കി: കേരള കോൺഗ്രസ് മത്സരിക്കുന്ന ഇടുക്കി സീറ്റിനു വേണ്ടിയുള്ള അവകാശവാദത്തെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു. അവകാശവാദം ഉന്നയിച്ചത് വ്യക്തി താല്പര്യത്തിന് വേണ്ടിയെന്ന് ഒരു വിഭാഗത്തിൻറെ ആരോപണം.സീറ്റ് പിടിച്ചെടുക്കണം എന്ന നിലപാടുള്ളത് സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾക്കാണെന്ന് കെപിസിസി സെക്രട്ടറി എം.എൻ ഗോപി പറഞ്ഞു.
കേരള കോൺഗ്രസ് മത്സരിക്കുന്ന ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം എന്ന ആവശ്യവുമായി ജില്ലാ യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി രംഗത്ത് വന്നിരുന്നു. ഇത് കേരള കോൺഗ്രസ് പൂർണമായും തള്ളിയെങ്കിലും വിഷയം ജില്ലയിലെ കോൺഗ്രസിനുള്ളിൽ ചർച്ചയാവുകയാണ്. ജോയ് വെട്ടിക്കുഴി ഇടുക്കി സീറ്റ് ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളാണ് അവകാശവാദത്തിന് പിന്നിലെന്നാണ് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ഉയരുന്ന വിമർശനം.
ജില്ലയിൽ തൊടുപുഴയെ കൂടാതെ കേരള കോൺഗ്രസ് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് ഇടുക്കി. റോഷി അഗസ്റ്റിനെ പരാജയപ്പെടുത്തി ഇത്തവണ തിരികെ വരാൻ ആകുമെന്ന് പ്രതീക്ഷ കേരള കോൺഗ്രസ് വെച്ചുപുലർത്തുന്നുണ്ട്. വിജയപ്രതീക്ഷ നിലനിൽക്കെ കോൺഗ്രസ് നേതാക്കൾ അനാവശ്യ ചർച്ചകൾ സൃഷ്ടിക്കുന്നതിൽ കേരള കോൺഗ്രസിന് കടുത്ത അതൃപ്തിയുണ്ട്.
Adjust Story Font
16

