'പോളിറ്റ് ബ്യൂറോയുടെ തിണ്ണയില്‍ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍, വായടച്ചോളാന്‍ പറ...'; ജി.സുധാകരന്‍
വിജയരാഘവൻ എവിടെയെങ്കിലും വന്ന് എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ അവിടെ പാർട്ടി തോൽക്കുമെന്ന കാര്യം തീർച്ചയാണെന്നും ജി.സുധാകരൻ

ആലപ്പുഴ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍. പോളിറ്റ് ബ്യൂറോയുടെ തിണ്ണയില്‍ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവനെന്നും യോഗ്യരെ തഴഞ്ഞാണ് കയറിക്കൂടിയതെന്നും സുധാകരന്‍ പറഞ്ഞു.
'ഇരുതല മൂര്‍ച്ചയുള്ള ജില്ലകളിലൊന്നാണ് ആലപ്പുഴ. ഇവിടെ തെരഞ്ഞെടുപ്പ് ഫലമെന്നത് തിരിഞ്ഞും മറിഞ്ഞുമിരിക്കും. വിഎസിനെയും സദാശിവനെയും ജയിപ്പിച്ചതും തോല്‍പ്പിച്ചതും ഇവിടെ വെച്ചാണ്. എന്നെയും ഒരിക്കല്‍ ഇവിടെ തോല്‍പ്പിച്ചിട്ടുണ്ട്. ഇവിടെ സ്ഥിരമായിട്ട് ആര്‍ക്കും ജയമുറപ്പിക്കാന്‍ കഴിയുന്ന സീറ്റൊന്നുമല്ല. എന്നിട്ടും തന്റെ തോളില്‍ കയറാനാണ് എല്ലാവരുടേയും ശ്രമം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എവിടെയും പിഴച്ചിട്ടില്ലെന്ന് തന്നെയാണ് ആവര്‍ത്തിച്ച് പറയാനുള്ളത്. പാര്‍ട്ടിക്കകത്തെ കൊള്ളരുതായ്മക്കെല്ലാം പാര്‍ട്ടിയാണോ ഉത്തരവാദി? നയിക്കുന്നവരാണ് ഓരോ കാലത്തും ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്തമേറ്റെടുക്കേണ്ടത്'. സുധാകരന്‍ വ്യക്തമാക്കി.
വിജയരാഘവന്റെ വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ മുന്‍പ് പരാജയരാഘവനെന്ന് പേരിട്ടതല്ലേയെന്നായിരുന്നു സുധാകരന്റെ മറുപടി. 'വിജയരാഘവന്റെ മറുപടികളൊന്നും കേള്‍ക്കേണ്ടതില്ല. അയാള്‍ എവിടെയെങ്കിലും വന്ന് എന്തേലും സംസാരിച്ചിട്ടുണ്ടെങ്കില്‍ അവിടെ പാര്‍ട്ടി തോറ്റിരിക്കും. ചരിത്രബോധമില്ലാതെയാണ് ഓരോ കാര്യങ്ങളും അദ്ദേഹം വിളിച്ചുപറയുന്നത്. പോളിറ്റ് ബ്യൂറോയുടെ തിണ്ണയില്‍ പോലും കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍. വായടക്കാന്‍ പറയണം അയാളോട്. യോഗ്യതയുള്ളവരെ ഇടിച്ചുതാഴ്ത്തിയാണ് അയാള്‍ അവിടെവരെ എത്തിച്ചേര്‍ന്നത്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.' സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

