Quantcast

അടവ് മുടങ്ങിയതിന്‍റെ പേരിൽ നിരന്തരം ഉപദ്രവം; പലിശക്കാരുടെ ഭീഷണി താങ്ങാനാവാതെ വീട്ടമ്മ ജീവനൊടുക്കി

രണ്ടുമാസത്തെ അടവ് മുടങ്ങിയതിന്‍റെ പേരിൽ പലിശക്കാർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്ന കത്ത് പൊലീസ് കണ്ടെടുത്തി

MediaOne Logo

Web Desk

  • Updated:

    2026-02-14 08:27:39.0

Published:

14 Feb 2026 1:55 PM IST

അടവ് മുടങ്ങിയതിന്‍റെ പേരിൽ നിരന്തരം ഉപദ്രവം; പലിശക്കാരുടെ ഭീഷണി താങ്ങാനാവാതെ വീട്ടമ്മ ജീവനൊടുക്കി
X

തൃശൂര്‍: ഗുരുവായൂരില്‍ പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കി വീട്ടമ്മ. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പുതുവീട്ടില്‍ ജുമൈലയാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് ജുമൈല നാട്ടുകാരിയായ ഒരു സ്ത്രീയില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നു. രണ്ടുമാസത്തെ അടവ് മുടങ്ങിയതിന്റെ പേരില്‍ വീട്ടില്‍വന്ന് ഭീഷണിപ്പെടുത്തിയെന്ന കത്ത് കണ്ടെടുത്തു. വ്യാഴാഴ്ചയാണ് ജുമൈല ജീവനൊടുക്കിയത്. ജുമൈലയുടെ മരണത്തിന് പിന്നില്‍ പലിശക്കാരുടെ ഭീഷണിയാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.

നിരന്തരം വീട്ടിലെത്തി പലിശക്കാര്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും ഉമ്മയെ ശല്യം ചെയ്യാറുണ്ടെന്നും മകന്‍ പറഞ്ഞു. 'തുച്ഛമായ തുകയേ അവർക്ക് കൊടുക്കാനുണ്ടായിരുന്നുള്ളൂ. പലിശക്കെടുത്ത കാര്യം ഉമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല. എങ്കിലും, മിക്കവാറും ആ പണം നല്‍കിയ സ്ത്രീയും സഹോദരനും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യാറുമുണ്ടായിരുന്നു. റോഡില്‍ വെച്ച് അവര്‍ അസഭ്യം പറയുകയും ചെയ്തു. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസില്‍ നിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ല'. മകന്‍ പ്രതികരിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. രാവിലെ ഉറക്കമെഴുന്നേറ്റതിന് പിന്നാലെ ഉമ്മയെ കാണാത്തതിനെ തുടര്‍ന്ന് മകന്‍ തിരഞ്ഞിറങ്ങിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സമീപപ്രദേശത്തെ ആബിദയെന്ന സ്ത്രീയില്‍ നിന്ന് ഇവര്‍ അമ്പതിനായിരത്തിലധികം രൂപ പലിശക്കെടുത്തിരുന്നു. കഴിഞ്ഞ എട്ടുമാസമായി പതിനായിരത്തിലേറെ രൂപ ഇവര്‍ തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ രണ്ടുമാസത്തെ അടവ് തെറ്റിയെന്ന് പറഞ്ഞ് ആബിദയും സഹോദരനും വീട്ടിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. പണം തിരിച്ച് നല്‍കാത്തിടത്തോളം തിരിച്ച് വാങ്ങാന്‍ തങ്ങള്‍ക്കറിയാം എന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജുമൈല എഴുതിയതെന്ന് പറയപ്പെടുന്ന കത്തും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ കയ്യില്‍ നിന്നും അമിതമായ പലിശ ഈടാക്കിയെന്നും തിരികെ ലഭിക്കാനായി ഭീഷണിപ്പെടുത്തിയെന്നും കത്തിലുണ്ട്.

നേരത്തെയും, ഗുരുവായൂരില്‍ പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവമുണ്ടായിരുന്നു.

TAGS :

Next Story