ഹലാലിന്റെ അർഥം നല്ല ഭക്ഷണം എന്നുമാത്രമാണ്, ബിജെപി ചേരിതിരിവ് സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി

പാർലമെന്റ് ക്യാന്റനിൽ പോലും ഹലാൽ എന്ന് എഴുതിയ ഭക്ഷണമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2021-11-27 07:54:51.0

Published:

27 Nov 2021 6:58 AM GMT

ഹലാലിന്റെ അർഥം നല്ല ഭക്ഷണം എന്നുമാത്രമാണ്, ബിജെപി ചേരിതിരിവ് സൃഷ്ടിക്കുന്നു:  മുഖ്യമന്ത്രി
X

സംസ്ഥാനത്തെ ഹലാൽ വിവാദത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും ഹലാലിന്റെ അർഥം നല്ല ഭക്ഷണം എന്നുമാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാൽ മോശമാണെന്ന ആരോപണമുയർത്തി ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുകയാണെന്നും പാർലമെന്റ് ക്യാന്റനിൽ പോലും ഹലാൽ എന്ന് എഴുതിയ ഭക്ഷണമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ജോൺബ്രിട്ടാസ് എഴുതിയ ലേഖനം ദേശാഭിമാനിയിൽ ഉണ്ടെന്നും അതിൽ അദ്ദേഹം പറയുന്നത് പാർലമെന്റിൽ കൊടുക്കുന്ന ഭക്ഷണത്തിൽ ഹലാൽ എന്ന് എഴുതിയിട്ടുണ്ടെന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതായത് ഇത് കഴിക്കാൻ പറ്റുന്നതാണ് വേറെ ദോഷമൊന്നുമില്ല എന്നാണ് അത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാലിന്റെ പൊള്ളത്തരം വിവാദം ഉയർത്തിയവർക്ക് തന്നെ പിന്നീട് മനസ്സിലായെന്നും എന്നാൽ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ ഉള്ള ഒരു പാട് ആരോപണങ്ങൾ ഉയർത്തി വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് രാജ്യവ്യാപകമാണ് നമ്മുടെ കേരളത്തിലും അത്തരം നടപടികൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

'കേന്ദ്രം സംസ്ഥാനങ്ങളെ തങ്ങളുടെ വരുതിയിലാക്കുന്നു'

കേന്ദ്രം ഭരിക്കുന്നത് തീവ്രഹിന്ദുത്വ നിലപാടുള്ളവരാണെന്നും ജനജീവിതത്തെ ഇത് സാരമായി ബാധിക്കുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഭരണഘടന മൂല്യങ്ങളെ കേന്ദ്രസർക്കാർ തകർക്കുന്നുവെന്നും കോർപറേറ്റ് താല്പര്യത്തിനു അനുസരിച്ചാണ് ഭരണമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനങ്ങളെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും ആക്ഷേപിച്ചു. ലക്ഷദീപിന് മുകളിൽ സംഘപരിവാർ ബുൾഡോസർ ഉരുളാൻ തുടങ്ങിയിരിക്കുകയാണ്. ആധുനിക ജനാധിപത്യത്തിൽ നിന്നു വ്യതിചലിച്ച് ഹിന്ദുത്വ രാഷ്ട്രീയം ഉയർത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. ഫെഡറലിസത്തിന്റെ കടയ്ക്കൽ അവർ കത്തിവെക്കുകയാണ്. സംസ്ഥാനങ്ങൾ നികുതി ചുമത്തുന്നത് ഇല്ലാതാക്കാൻ ശ്രമിക്കുകയും ചില പ്രത്യേക സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ചില മേഖലകളിൽ കടന്നു കയറ്റം നടത്തുകയും ചെയ്യുകയാണ്. സംസ്ഥാനങ്ങളുടെ അധികാരമുള്ള വിഷയങ്ങളിൽ പോലും നിയമനിർമ്മാണം നടത്തുന്നു - മുഖ്യമന്ത്രി വിമർശിച്ചു. സഹകരണമേഖലയെ തകർക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'കോൺഗ്രസിന് ബിജെപിക്ക് ബദലാകാൻ കഴിയുന്നില്ല'

കോൺഗ്രസിന്റെ തെറ്റായ നയങ്ങൾ ജനങ്ങൾക്കിടയിൽ അസംതൃപ്തിയുണ്ടാക്കിയെന്നും വർഗീയ ശക്തികളെ മാറി മാറി താലോലിച്ച് കോൺഗ്രസിന്റെ മത നിരപേക്ഷ മുഖം നഷ്ടമായെന്നും പിണറായി വിമർശിച്ചു. അധികാരം നിലനിർത്താൻ കോൺഗ്രസ് സർക്കാരുകൾ വർഗീയതയെ വേരുറപ്പിക്കാൻ സഹായിച്ചുവെന്നും കുറ്റപ്പെടുത്തി. കേന്ദ്ര ഗവർൺമെന്റിന്റെ അഹന്തക്ക് കിട്ടിയ ചുട്ടമറുപടിയാണ് കർഷക പ്രക്ഷോഭമെന്നും കോൺഗ്രസ് നേതാക്കളെ കൂടെ നിർത്താൻ ബിജെപിക്ക് കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ബദലാണ് തങ്ങളെന്ന് ബോധ്യപ്പെടുത്താൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അവരുടെ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലെത്തുകയാണെന്നും പിണറായി വിമർശിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ നയപരമായ നിലപാട് വേണമെന്നും ബദൽ ഐക്യം രാജ്യത്ത് ഉണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു. മത നിരപേക്ഷ വിശ്വാസികൾക്ക് കോൺഗ്രസിൽ വിശ്വാസമില്ലാതായെന്നും ബിജെപിയെ അധികാരത്തിൽ നിന്നു മാറ്റി നിർത്തുന്നത് പരമപ്രധാനമാണെന്നും ഓർമപ്പെടുത്തി. സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം കിട്ടിയത് പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റെ വികസനങ്ങളെ തകർക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

'വർഗീയത പരസ്പരപൂരകം'

ബിജെപിയുടെ വോട്ട് ശതമാനം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കുറഞ്ഞുവെന്നും അതിനർത്ഥം രാഷ്ട്രീയ അടിത്തറ തകർന്നുവെന്നല്ല. ആരാധനാലായങ്ങളെ ഹിന്ദുത്വ അജണ്ടയുടെ കേന്ദ്രമാക്കി അവർ മാറ്റുകയാണ്, അതിനെതിരെ പ്രതിരോധ നടപടികൾ ഉണ്ടാകണം. മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അണി നിർത്താൻ സംഘപരിവാർ ശ്രമിക്കുകയാണ്. അതിനെയും ചെറുക്കാൻ കഴിയണം. സ്ത്രീ വിരുദ്ധമായ സംഘപരിവാർ സ്ത്രീകൾക്കിടയിൽ സ്വാധീനം ചെലുത്തുന്നു. അത് തുറന്നുകാണിക്കപ്പെടണം -പിണറായി പറഞ്ഞു. വർഗീയതയെ വർഗീയത കൊണ്ട് നേരിടാൻ ആവില്ലെന്നും ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ചില മത വിഭാഗങ്ങൾ രാഷ്ട്രീയമായി സംഘടിക്കണം എന്നൊരു ചർച്ച വരുന്നുണ്ടെന്നും എസ്ഡിപിഐ തീവ്രവാദ ആശയം പ്രചരിപ്പിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ലെന്നും വർഗീയത പരസ്പരപൂരകമാണെന്നും അദ്ദേഹം പറഞ്ഞു.

'പൗരത്വഭേദഗതി മുസ്‌ലിങ്ങളെ ഇല്ലാതാക്കാൻ ശ്രമം'

പൗരത്വഭേദഗതി മുസ്‌ലിങ്ങളെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കിടയിലും വിവാഹമോചനം സിവിൽ ആയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ മുസ്ലിമിന് മാത്രം ക്രിമിനൽ നിയമം ആയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം സമൂഹത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേക രീതിയിൽ കൈകാര്യം ചെയ്യുന്ന നിയമമായി മുത്തലാഖ് നിലവിൽ വന്നിരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെടുന്ന രീതി സ്വീകരിക്കപ്പെടുന്നു. കേരളത്തിൽ പുതിയ വിവാദങ്ങൾ ഉയർന്നുവരുന്നു - മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story