വിദ്വേഷ പരാമർശം; ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ കേസ്
മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂർ ടെമ്പിൾ പൊലീസാണ് കേസെടുത്തത്

തിരുവനന്തപുരം: വിദ്വേഷ പരാമർശത്തിൽ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂർ ടെമ്പിൾ പൊലീസാണ് കേസെടുത്തത്. പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസ്. ഗുരുവായൂർ റിട്ടേണിംഗ് ഓഫീസറുടെ പരാതിയിലാണ് നടപടി.
ജനപ്രാതിനിധ്യ നിയമം,1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം പരാതിയിൽ കേസെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിരുന്നു. മാതൃകാപെരുമാറ്റ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി സ്ഥാനാർഥിയായ ബി. ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയത്. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയും കെഎസ് യു ജില്ല പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരും ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയിരുന്നു.
48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം. അന്തർദേശീയ തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നു. മലപ്പുറം ജില്ലയെ കുറിച്ചും അദ്ദേഹം വിദ്വേഷപരമായ പരാമർശം നടത്തി. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
Adjust Story Font
16

