Quantcast

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: അപക്വമെന്ന് കെ. ബാബു, ഹൈകമാൻഡ് തീരുമാനിക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി

കഴിഞ്ഞ 10 വർഷത്തെ ഇടത് ഭരണത്തിൽ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും അത് അവസാനിപ്പിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ബാബു പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-04-12 08:13:31.0

Published:

12 April 2026 12:19 PM IST

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: അപക്വമെന്ന് കെ. ബാബു, ഹൈകമാൻഡ് തീരുമാനിക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി
X

കോഴിക്കോട്: എറണാകുളം ജില്ലയിൽ നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു രംഗത്തെത്തി. ഷിയാസിന്റെ പ്രസ്താവന തികച്ചും അപക്വമാണെന്നും അത്തരം ചർച്ചകൾക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലക്കാർക്കും തങ്ങളുടെ ജില്ലയിൽ നിന്ന് ഒരു മുഖ്യമന്ത്രി വരണമെന്ന് ആഗ്രഹമുണ്ടാകാം, എന്നാൽ അത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും വ്യക്തിപരമായ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ആരാകണമെന്ന് പറയാൻ താൻ യോഗ്യനല്ലെന്നും അത്തരം ചർച്ചകളുടെ ഏഴ് അയലത്ത് പോലും താനില്ലെന്നും കെ. ബാബു വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തെ ഇടത് ഭരണത്തിൽ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും അത് അവസാനിപ്പിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവാണ് കഴിഞ്ഞ അഞ്ച് വർഷം യുഡിഎഫിനെ നയിച്ചത്. എത്ര സീറ്റുകൾ ലഭിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും എറണാകുളം ജില്ലയിൽ യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പാലക്കാട് ജില്ലയിൽ ഇത്തവണ യുഡിഎഫ് തരംഗമാണ് കാണാൻ സാധിക്കുന്നതെന്ന് വി.കെ. ശ്രീകണ്ഠൻ എംപി അഭിപ്രായപ്പെട്ടു. ജില്ലയിലെ 12 സീറ്റുകളിൽ കുറഞ്ഞത് ഏഴ് സീറ്റുകളിലെങ്കിലും യുഡിഎഫ് വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. പോളിങ് ബൂത്തുകളിലെ തിരക്കും ജനങ്ങളുടെ പ്രതികരണവും രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ ഒരുപോലെ യോഗ്യരാണെന്നും ഹൈക്കമാൻഡാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷമായ വിമർശനമാണ് വി.കെ. ശ്രീകണ്ഠൻ ഉന്നയിച്ചത്. പാലക്കാട് ജില്ലയിൽ സിപിഎം ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ബൂത്തുകളിൽ ആളില്ലാത്തതിൽ സിപിഎം ജില്ലാ സെക്രട്ടറി സങ്കടപ്പെടുന്നത് അവരുടെ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരം ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ വലിയ വിജയമായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

TAGS :

Next Story