വാട്‌സ്ആപ്പ്, ഇ-മെയില്‍ വഴി സന്ദേശമയക്കരുത്, വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷ? ഡാറ്റ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വിമര്‍ശനം
സ്പാര്‍ക്കിലുള്ള ഡാറ്റ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് സന്ദേശങ്ങളയച്ചതുമായി ബന്ധപ്പെട്ട ഹരജിയിലാണ് രൂക്ഷമായ വിമര്‍ശനം

എറണാകുളം: സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. സ്പാര്‍ക്കിലുള്ള ഡാറ്റ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് സന്ദേശങ്ങളയച്ചതുമായി ബന്ധപ്പെട്ട ഹരജിയിലാണ് രൂക്ഷമായ വിമര്‍ശനം. ബിസിനസ് വാട്‌സ്ആപ്പ് ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ അയച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ബിസിനസ് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ആയിരുന്നെങ്കിലും എങ്ങനെയാണ് ജീവനക്കാരുടെ നമ്പര്‍ കിട്ടിയതെന്ന് ഹൈക്കോടതി ചോദിച്ചു. ഹരജി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.
77.42 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ പിആര്‍ ഏജന്‍സിക്ക് നല്‍കിയെന്ന ഗുരുതര ആരോപണമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി ആരോപിച്ച് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേഡ് അംഗവുമായ റഷീദ് അഹമ്മദ്, സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവായ അനില്‍ കുമാര്‍ കെ.എം എന്നിവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹരജി നല്‍കിയിരുന്നത്.
സ്പാര്‍ക് സോഫ്റ്റ്വെയറില്‍ നല്‍കിയ ഫോണ്‍ നമ്പറുകള്‍ നിയമവിരുദ്ധമായി ശേഖരിച്ചെന്നും വ്യക്തികളുടെ അനുമതി കൂടാതെ വിവരശേഖരണം നടത്തിയെന്നുമാണ് ഹരജിക്കാരുടെ വാദം. രാഷ്ട്രീയപാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി വിവരങ്ങള്‍ ഉപയോഗിച്ചുവെന്നും ഹരജിയില്‍ പറയുന്നു. ഡിഎ വര്‍ധനവടക്കം സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ജീവനക്കാരുടെ വാട്‌സാപ്പിലേക്ക് മുഖ്യമന്ത്രിയുടെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദേശം എത്തിയത്.
Adjust Story Font
16

