'ധ്വജ പ്രണാമത്തിലെ ധ്വജവും, മത വിവാഹക്കണക്ക് പറയുന്നതും മ്യൂട്ട് ചെയ്യണം'; ‘ഹാൽ’ സിനിമക്ക് രണ്ട് വെട്ടുമായി ഹൈക്കോടതി
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിന് പിന്നാലെ സിനിമയുടെ സംവിധായകനും നിർമ്മാതാവും നൽകിയ ഹരജിയിലാണ് കോടതി വിധി

കൊച്ചി: സെൻസർ ബോർഡ് കടുവെട്ട് നിർദേശിച്ച 'ഹാൽ' സിനിമയിൽ മാറ്റങ്ങൾ വരുത്താൻ ഹൈക്കോടതി നിർദേശം. ഇതിന് ശേഷം വീണ്ടും സെൻസർ ബോർഡിനെ സമീപിക്കണം.
സിനിമയിൽ രണ്ട് മാറ്റങ്ങൾ വരുത്താനാണ് ഹൈക്കോടതി നിർദേശം നൽകിയത്. ധ്വജ പ്രണാമത്തിലെ 'ധ്വജ' മ്യൂട്ട് ചെയ്യണം, മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണം എന്നാണ് നിർദേശം. മാറ്റങ്ങൾ വരുത്തി വീണ്ടും സെൻസർ ബോർഡിനെ സമീപിക്കണമെന്നും രണ്ടാഴ്ചയ്ക്കകം സിബിഎഫ്സി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സെൻസർ ബോർഡ് പറയുന്നതുപോലെ കട്ട് ചെയ്താൽ സിനിമയുടെ കഥാഗതിതന്നെ മാറുമെന്നാണ് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഇതിവൃത്തം മുസ്‌ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ്.
ഷെയിൻ നിഗം നായകനായ ഹാൽ സിനിമയിൽ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കണമെന്ന് തുടങ്ങി നിരവധി നിർദേശങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ മീഡിയവണിനോട് പറഞ്ഞിരുന്നു.
സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു മതത്തിനെയോ രാഷ്ട്രീയപാർട്ടികളെയോ അപമാനിച്ചിട്ടില്ല. സിനിമയിൽ കാണിച്ചിരിക്കുന്നത് ബീഫ് ബിരിയാണിയല്ല, മട്ടൻ ബിരിയാണിയാണ്. ഞങ്ങൾ ഷൂട്ട് ചെയ്ത സ്ഥലത്ത് ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. പക്ഷേ ബീഫ് ബിരിയാണി കഴിക്കാമെന്ന് സിനിമയിൽ പറയുന്നുണ്ട്. അതേസമയം, സിനിമയിലൂടെ നല്ലൊരു സന്ദേശം നൽകാനാണ് ശ്രമിച്ചതെന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.
Adjust Story Font
16

