അതിവേഗ റെയിൽ: തലസ്ഥാനത്തുനിന്ന് കണ്ണൂരിലേക്ക് മൂന്നര മണിക്കൂർ, ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു
ബ്രോഡ് ഗേജിലെ 25 ടൺ ആക്‌സിൽ ഭാരത്തിനു പകരം, 15 ടൺ മാത്രം ഭാരം വരുന്ന സ്റ്റാൻഡേർഡ് ഗേജിലാണ് പാത നിർമിക്കുക

- Published:
30 May 2026 4:45 PM IST

തിരുവനന്തപുരം: നിർദിഷ്ട കേരള അതിവേഗ റെയിൽ പാതയുടെ (കെഎച്ച്എസ്ആർ) ഇടക്കാല റിപ്പോർട്ട് ഡിഎംആർസി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചു. തിരുവനന്തപുരം നഗരം (പൂജപ്പുര) മുതൽ കണ്ണൂർ (മുണ്ടയാട്) വരെയുള്ള പാതയുടെ റിപ്പോർട്ടാണ് നൽകിയത്. തിരുവനന്തപുരം (പൂജപ്പുര) മുതൽ കണ്ണൂർ (മുണ്ടയാട്) വരെ 473.20 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടപ്പാതയാണിത്. പാതയിൽ 23 സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ തുരങ്കപ്പാതയൊഴികെ ബാക്കി പൂർണമായും ആകാശപാതയായിരിക്കും. കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളെയും പാത സ്പർശിക്കും. കണ്ണൂർ വിമാനത്തവളത്തിലേക്ക് 10 കിലോമീറ്റർ ദൈർഘ്യമുള്ള പ്രത്യേക റോഡ് നിർമിക്കും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള യാത്രാസമയം മൂന്നര മണിക്കൂറായിരിക്കും.
ബ്രോഡ് ഗേജിലെ 25 ടൺ ആക്‌സിൽ ഭാരത്തിനു പകരം, 15 ടൺ മാത്രം ഭാരം വരുന്ന സ്റ്റാൻഡേർഡ് ഗേജിലാണ് പാത നിർമിക്കുക. ഇത് നിർമാണ, പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കും. ലോകത്തെ എല്ലാ വികസിത രാജ്യങ്ങളും അതിവേഗ റെയിലിന് സ്റ്റാൻഡേർഡ് ഗേജാണ് ഉപയോഗിക്കുന്നത്. എല്ലാ പുതിയ സാങ്കേതികവിദ്യകളും ഈ ഗേജിലാണ് വരുന്നത്. അതിനാൽ, ഇന്ത്യയ്ക്ക് ആധുനിക സാങ്കേതികവിദ്യകൾക്കൊപ്പം മുന്നേറാനും ഈ രംഗത്ത് സ്വയംപര്യാപ്തത നേടാനും സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്ററാണ്. അതിനാൽ 500 കിലോമീറ്റർ നീളത്തിലും 20 കിലോമീറ്റർ വീതിയിലുമുള്ള പ്രദേശത്തെ ജനങ്ങൾക്ക് ഈ പാതയുടെ പ്രയോജനം ലഭിക്കും. ട്രെയിനുകളുടെ പരമാവധി രൂപകൽപനാ വേഗം മണിക്കൂറിൽ 200 കിലോമീറ്ററും പ്രവർത്തന വേഗം 180 കിലോമീറ്ററും ശരാശരി വാണിജ്യ വേഗം 140 കിലോമീറ്ററുമായിരിക്കും. പദ്ധതിക്കാവശ്യമായ കോച്ചുകൾ, സിഗ്‌നലിങ്, ട്രാക്ക്, ട്രാക്ഷൻ എന്നിവ ഇന്ത്യയിൽത്തന്നെ ലഭ്യവും പരീക്ഷിച്ച് ഉറപ്പുവരുത്തിയതുമാണ്.
ആകെ 800 പേർക്ക് ഇരിക്കാവുന്ന 12 കോച്ചുകളുള്ള ട്രെയിനുകളായിരിക്കും തുടക്കത്തിൽ സർവീസ് നടത്തുക. 16 കോച്ചുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നത് എന്നതിനാൽ, ഭാവിയിൽ ആവശ്യമെങ്കിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാം. തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും അല്ലാത്തപ്പോൾ 40 മിനിറ്റ് ഇടവിട്ടും സർവീസ് നടത്താനാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. ഇതുവഴി പ്രതിദിനം 54,400 പേർക്ക് യാത്ര ചെയ്യാം.
ഭാവിയിൽ സർവീസുകൾക്കിടയിലെ ഇടവേള തിരക്കേറിയ സമയങ്ങളിൽ അഞ്ച് മിനിറ്റായും അല്ലാത്തപ്പോൾ 10 മിനിറ്റായും കുറയ്ക്കുന്നതോടെ പ്രതിദിനം 2.28 ലക്ഷം പേർക്ക് വരെ യാത്ര ചെയ്യാനാകും. ട്രെയിനിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. മുൻകൂട്ടി റിസർവ് ചെയ്യുന്നവർക്ക് മാത്രമായിരിക്കും യാത്ര. പദ്ധതിക്കായി വളരെ കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടി വരികയുള്ളൂ. നിർമാണത്തിനായി 20 മീറ്റർ വീതിയിലുള്ള ഭൂമി മാത്രം മതിയാകും. നിർമാണം പൂർത്തിയായ ശേഷം, ഈ ഭൂമി ഉടമകൾക്ക് ആവശ്യമെങ്കിൽ കൃഷിക്കോ കാലിമേയ്ക്കലിനോ ആയി വ്യവസ്ഥകളോടെ പാട്ടത്തിന് തിരികെ നൽകും.
പദ്ധതിക്കാവശ്യമായ മുഴുവൻ ഊർജവും സ്വന്തമായി സ്ഥാപിക്കുന്ന സൗരോർജ പ്ലാന്റുകളിൽനിന്ന് കണ്ടെത്തും. അധികമായി വരുന്ന വൈദ്യുതി കെഎസ്ഇബിക്കു വിൽക്കുകയും ചെയ്യും. ഇത് ലോകത്തിലെ ആദ്യത്തെ സമ്പൂർണ ഹരിത റെയിൽ ഇടനാഴിയായിരിക്കും.
പദ്ധതിയുടെ ആകെ നിർമാണച്ചെലവ് 60,000 കോടി രൂപയാണ്. ഇതിൽ 36,000 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 51:49 അനുപാതത്തിൽ ഓഹരിയായി നിക്ഷേപിക്കും. ബാക്കി 24,000 കോടി രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിക്കും. കിലോമീറ്ററിന് ശരാശരി 127 കോടി രൂപ മാത്രമാണ് നിർമാണച്ചെലവ്.
സർക്കാർ അംഗീകാരം ലഭിച്ച് അഞ്ചു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകും. രണ്ടാം ഘട്ടത്തിൽ പാത കണ്ണൂരിൽനിന്ന് കാസർകോട്ടേക്ക് നീട്ടാനാകും. തുടർന്നുള്ള ഘട്ടങ്ങളിൽ കോഴിക്കോട്ടുനിന്ന് കൽപറ്റയിലേക്കും, പട്ടാമ്പിയിൽനിന്ന് പാലക്കാട്ടേക്കും, തൃശൂരിൽനിന്ന് പാലക്കാട്ടേക്കും പാതകൾ നിർമിക്കാം. ഭാവിയിലെ ഈ വിപുലീകരണം മുന്നിൽക്കണ്ട്, ഇതിനാവശ്യമായ ജങ്ഷൻ സ്റ്റേഷനുകളും ആദ്യഘട്ടത്തിൽത്തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്.
Adjust Story Font
16
