ഐസിയു പീഡനം: കുറ്റാരോപിതർക്കെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് അതിജീവിത
നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അതിജീവിത കത്തു നൽകി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ കുറ്റാരോപിതർക്കെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് അതിജീവിത. ഒന്നാം പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും മറ്റുള്ളവർക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നാണ് അതിജീവിതയുടെ പരാതി. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അതിജീവിത കത്തു നൽകി.
പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർമാർ, മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ, സുപ്രണ്ട് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നൽകാനുള്ള അതിജീവിതയുടെ നീക്കം.
ഒപ്പമുണ്ടെന്ന് പറയുകയല്ലാതെ നീതി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അതിജീവിതക്കൊപ്പമുള്ളവർ ആരോപിക്കുന്നു. 2023 മാർച്ച് 18 നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയുവിൽ അതിജീവിത പീഡനത്തിനിരയായത്. മെഡിക്കൽ കോളജിൽ അറ്റൻഡറായിരുന്ന പ്രതി ശശീന്ദ്രനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടെങ്കിലും ഭരണാനുകൂല സംഘടനാപ്രവർത്തകനായ പ്രതിയെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
Adjust Story Font
16

