'ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവ്, എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആവരുത്': രൂക്ഷ വിമർശനവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്
എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഇല്ലയെന്നും മാത്യു

ഇടുക്കി: ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്റ് സി.പി മാത്യു. മൂക്കാതെ പഴുത്ത നേതാവാണ് ഡീനെന്നും എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഇല്ലയെന്നും മാത്യു.
പി.ടി തോമസിൻ്റെ വിയർപ്പും അധ്വാനവുമാണ് ഡീൻ കുര്യാക്കോസിന്റെ എംപി സ്ഥാനം. എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആവരുതെന്നും വിമർശനം. സതീശൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ ഡിസിസി നടപടിയെടുത്തത് എം.പി പരസ്യമായി വിമർശിച്ചിരുന്നു. ഇതിലാണ് സിപി മാത്യുവിന്റെ മറുപടി.
പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച നടപടിയെ വിമർശിച്ചാണ് ഡീൻ കുര്യാക്കോസ് എം.പി രംഗത്തെത്തിയത്. ചോര നീരാക്കി പ്രവർത്തകർ ഉണ്ടാക്കിയ വിജയമാണിതെന്നും, അവരുടെ വൈകാരികമായ പ്രതികരണങ്ങളെ ഭീഷണികൊണ്ട് നേരിടുന്നത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ തങ്ങളുടെ വികാരം പ്രകടിപ്പിക്കുമ്പോൾ അതിനെ അവധാനതയോടെ കാണാൻ നേതൃത്വം തയ്യാറാകണം. അച്ചടക്ക നടപടി കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാകില്ല. പ്രവർത്തകർക്ക് അവരുടെ വികാരങ്ങൾ പറയാൻ പാർട്ടിയിലല്ലാതെ മറ്റെവിടെയാണ് ഇടമുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Adjust Story Font
16

