ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കും ഉത്തരവാദിത്തം; ഹൈക്കോടതി
ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്

കൊച്ചി: ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കും ഉത്തരവാദിത്തമെന്ന് ഹൈക്കോടതി. ഉത്സവാഘോഷങ്ങള്‍ക്കും മറ്റ് യാത്രയ്ക്കുമിടയില്‍ ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാരും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
2008ല്‍ കോട്ടയം കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 'ബാസ്റ്റിന്‍ വിനയശങ്കര്‍' എന്ന ആനയുടെ അക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിന്‍സെന്റിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 10,93,000 രൂപ നഷ്ടപരിഹാരം നൽകാൻ വിചാരണ കോടതി വിധിച്ച ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 2008 ഏപ്രില്‍ 24ന് കുറ്റിക്കാട്ട് ക്ഷേത്രത്തിലെ പരിപാടിക്കിടെയാണ് അപകടം.
ആക്രമണത്തില്‍ നട്ടെല്ലിനും ഇടുപ്പിനും ഗുരുതരമായ പരിക്കേറ്റ വിന്‍സെന്റ് മാസങ്ങളോളം ആശുപത്രിയിലായിരുന്നു. 2009 ജൂലൈയില്‍ മരിക്കുകയും ചെയ്തു. സംഭവത്തില്‍ ആനയുടെ ഉടമ, പാപ്പാന്‍മാര്‍, ക്ഷേത്ര മാനേജ്മെന്റ് എന്നിവരെ പ്രതികളാക്കി വിന്‍സെന്റിന്റെ കുടുംബം 33,72,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി നല്‍കുകയായിരുന്നു.
Adjust Story Font
16

