' വായ തുറന്നാൽ പാർട്ടിക്ക് വോട്ട് നഷ്ടമാവും'; എ.കെ.ബാലനെതിരെ പാലക്കാട് ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനം
കെടിഡിസി ചെയർമാൻ പി.കെ.ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഇന്ന് നടന്ന ജില്ല കമ്മിറ്റിയോഗത്തിൽ ഉയർന്നു

പാലക്കാട്: സിപിഎം പാലക്കാട് ജില്ല കമ്മിറ്റിയോഗത്തിൽ മുൻ കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന് രൂക്ഷ വിമർശനം. 'ബാലൻ വായ തുറന്നാൽ പാർട്ടിക്ക് വോട്ട് നഷ്ടമാവും പാർട്ടിയിൽ ചുമതലയില്ലാത്ത എ.കെ.ബാലൻ എന്തിനാണ് മാധ്യമങ്ങളെ കാണുന്നതെന്നും ജില്ല കമ്മിറ്റി അംഗങ്ങൾ വിമർശിച്ചു. ജമാഅത്തെ ഇസ്‌ലാമി മാറാട് കലാപത്തിന് ശ്രമിച്ചുവെന്ന പ്രസ്താവന ഒഴിവാക്കണമായിരുന്നെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
'ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ശ്രമിച്ചു, മാറാട് കലാപത്തെ കുറിച്ചുള്ള പ്രസ്താവനകൾ തുടങ്ങിയവ തികച്ചും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നത് പൊതുസമൂഹത്തിൽ പാർട്ടിയുടെ വിശ്വാസ്യത തകർക്കും. ജമാഅത്തെ ഇസ്‌ലാമിയെ പാർട്ടി നിരന്തരം വിമർശിക്കുന്നുണ്ട്. വസ്തുതാവിരുദ്ധമായ വിമർശനങ്ങൾ പാർട്ടി പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത തകർക്കുമെന്നും ജില്ല കമ്മിറ്റിയിൽ വിമർശനമുയർന്നു. ' അബദ്ധ പ്രസ്താവനകൾ നടത്തി എ.കെ.ബാലൻ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ്. ഒരു ചുമതലയും ഇല്ലാത്ത വ്യക്തി എന്തിനാണ് മാധ്യമങ്ങളെ കാണുന്നത്. മുൻ കേന്ദ്ര കമ്മിറ്റി അംഗം എന്നു പറഞ്ഞാണ് മാധ്യങ്ങളെ കാണുന്നത്. അങ്ങനൊരു പദവി പാർട്ടിയിൽ ഉണ്ടോ എന്നും ജില്ല കമ്മിറ്റിയിൽ ചോദ്യം ഉയർന്നു'.
കെടിഡിസി ചെയർമാൻ പി.കെ.ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഇന്ന് നടന്ന ജില്ല കമ്മിറ്റിയോഗത്തിൽ ഉയർന്നു. ശശി വർഗ വഞ്ചകനാണ്, തെരഞ്ഞെടുപ്പിന് മുമ്പ് ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ചർച്ചയിൽ അംഗങ്ങൾ ആവശ്യപ്പെട്ടത്. മുൻ കാലങ്ങളിൽ ശശിക്കൊപ്പം നിന്നിരുന്ന നേതാക്കൾ പോലും ഇന്നത്തെ കമ്മിറ്റിയിൽ ശശിക്കെതിരെ നിലപാട് എടുത്തു എന്നത് ശ്രദ്ധേയമാണ്. സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗമായിരുന്ന പി.കെ.ശശിയെ സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു. അതിന് ശേഷം പലതവണ നിലവിലെ ജില്ല സെക്രട്ടറിയെ ലക്ഷ്യമിട്ട് ശശി ചില പ്രസ്താവനകൾ നടത്തിയിരുന്നു. താൻ ഏത് ബ്രാഞ്ചിലാണെന്ന് അറിയാത്തത് കൊണ്ടാണ് ബ്രാഞ്ച് യോഗങ്ങളിൽ പങ്കെടുക്കാത്തത് എന്നും ശശി പരസ്യപറഞ്ഞിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മേഖലയിലെ പല തദ്ദേശസ്ഥാപനങ്ങളിലേക്കും ശശിയെ പിന്തുണക്കുന്നവർ മത്സരിച്ചിരുന്നു. ചിലയിടത്ത് വിജയിക്കുകയും ചെയ്തു. ഇത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടായെന്ന് അംഗങ്ങൾ കമ്മിറ്റിയിൽ പറഞ്ഞു.
Adjust Story Font
16

