'യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയം വിടും'; വി.ഡി സതീശൻ
മുഖ്യമന്ത്രിയോടൊപ്പമുള്ള സംവാദത്തിനായി കാത്തിരിക്കുകയാണെന്നും സതീശൻ പറഞ്ഞു

കൊച്ചി: എത്ര നുണപ്രചാരണങ്ങൾ വന്നാലും പറവൂരുകാർ തന്‍റെ ഭൂരിപക്ഷം ഉയർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വോട്ടർമാർ ആഗ്രഹിക്കുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ പരിചയപ്പെടുത്താറില്ല. മുഖ്യമന്ത്രിയോടൊപ്പമുള്ള സംവാദത്തിനായി കാത്തിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. റോഡ് ഷോക്കിടെയാണ് പ്രതിപക്ഷ നേതാവ് തീപാറും മണ്ഡലവുമായി സംസാരിച്ചത്.
''മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എഐസിസിയാണ്. എല്ലാ വിഷയത്തിലും മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണ്. പറവൂരുകാര്‍ക്ക് എന്നെ ബോറടിക്കാറില്ല. എല്ലാം പ്രാവശ്യവും ഭൂരിപക്ഷം ഉയര്‍ത്തിയാണ് ജയിപ്പിക്കുന്നത്. പറവൂര്‍ എന്‍റെ വീടാണ്. നൂറിലധികം സീറ്റ് നേടി ടീം യുഡിഎഫ് അധികാരത്തിൽ വരും. യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ പത്രസമ്മേളനം വിളിച്ചുകൂട്ടി മുഖ്യധാര രാഷ്ട്രീയത്തിൽ നിന്നും വിടും.
എന്നെ പെണ്ണുകേസിൽ പെടുത്താൻ പറ്റാത്തതുകൊണ്ട് സിപിഎം എന്നെ നുണയനാക്കുകയാണ്. പഠിച്ചിട്ട് പറയുന്ന ആളാണ് ഞാൻ. അറിയില്ലെങ്കിൽ അറിയില്ല എന്ന് തന്നെയാണ് പറയാറുള്ളത്. അത് തകര്‍ക്കാൻ വേണ്ടിയാണ് എന്നെ നുണയനാക്കുന്നത്. മുഖ്യമന്ത്രിയെ ഞാൻ നുണറായി എന്ന് വിളിക്കും. ജമാഅത്തുമായും ആര്‍എസ്എസുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലേ. ഉത്തരം കിട്ടാതെ വരുമ്പോഴാണ് പൊട്ടിത്തെറിക്കുന്നത്. കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല'' സതീശൻ പറഞ്ഞു.
Adjust Story Font
16

