എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങിൽ ഇംറാൻ ഖാന്റെ ചിത്രം; വിമർശനവുമായി എസ്എഫ്‌ഐ
മതരാഷ്ട്രവാദം ഉയർത്തുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാകിസ്താൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്താണ് ബന്ധമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ചോദിച്ചു

- Updated:
2026-01-30 11:58:15.0

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ചിത്രം ഉൾപ്പെട്ടതിനെ ചൊല്ലി വിവാദം. തീം സോങ്ങിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. മതരാഷ്ട്രവാദം ഉയർത്തുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാകിസ്താൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്താണ് ബന്ധമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ചോദിച്ചു.
തങ്ങൾ മതനിരപേക്ഷമാണെന്ന് തെളിയിക്കാൻ പാടുപെടുന്ന കേരളത്തിലെ എംഎസ്എഫ് സംഘ്പരിവാർ ബോധത്തെ വളർത്താനുള്ള മണ്ണൊരുക്കുകയാണ് ചെയ്യുന്നത്. സംഘികൾ ഉടൻ ഇറങ്ങും ദേശവിരുദ്ധ ചാപ്പയുമായി, നവാസിനും സംഘത്തിനും ജമാഅത്തെ ഇസ്‌ലാമിയോടും അവർ ഉയർത്തുന്ന മതരാഷ്ട്രവാദത്തോടും പ്രതിബദ്ധത ഉണ്ടാകും, അവർ സംഘ്പരിവാറിനെ സഹായിക്കുന്നത് മനസ്സിലാകും, എന്നാൽ എംഎസ്എഫിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷവാദികൾ കൂടി ഇതിന്റെ ഇരയാകുന്നു. ഈ ചെയ്തി സംഘികളെയും, ജമാഅത്തെ ഇസ്‌ലാമിക്കാരെയും ഒരുപാട് സന്തോഷിപ്പിക്കും. എന്നാൽ കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ ഒറ്റുകയുമാണ് പി.കെ നവാസും സംഘവും ചെയ്തതെന്നും സഞ്ജീവ് പറഞ്ഞു.
ആരുടെ രാഷ്ട്രീയത്തെയാണ് എംഎസ്എഫ് പിന്തുടരുന്നതെന്ന് വ്യക്തമാക്കുന്നതാണ് തീം സോങ്ങിലെ ദൃശ്യങ്ങളെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് പറഞ്ഞു. മുസ്‌ലിം ലീഗിന് ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ കാലം വരെ മതരാഷ്ട്രവാദത്തെ ലീഗ് ശക്തമായി എതിർത്തിരുന്നു. അടുത്തകാലത്ത് ലീഗ് ജമാഅത്തിന്റെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കി. ലീഗിന്റെ രാഷ്ട്രീയ-ബൗദ്ധിക നേതൃത്വത്തെ ജമാഅത്തെ ഇസ്‌ലാമി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ വേഗത എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ് എംഎസ്എഫിന് വരുന്ന മാറ്റമെന്നും ശിവപ്രസാദ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അതേസമയം ആരോപണം എംഎസ്എഫ് നിഷേധിച്ചു. എംഎസ്എഫ് ഔദ്യോഗികമായി ഇറക്കിയ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് എസ്എഫ്ഐ ആരോപിക്കുന്നതെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു. തങ്ങൾക്ക് ഇംറാൻ ഖാനുമായി ഒരു ബന്ധവുമില്ല. പാട്ടിൽ ഇല്ലാത്ത ഇംറാൻ ഖാൻ എങ്ങനെ വന്നു? വർഗീയ താത്പര്യത്തോടെയാണ് എസ്എഫ്ഐ പ്രചാരണം നടത്തുന്നത്. വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്നും നജാഫ് പറഞ്ഞു.
Adjust Story Font
16
