Quantcast

എറണാകുളത്ത് മൂന്നുവയസുകാരിയെ അമ്മ എറിഞ്ഞ് കൊന്നത് തന്നെയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്‌

തിങ്കളാഴ്ച വൈകിട്ടാണ് മൂന്നരവയസുകാരി കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-05-20 14:23:14.0

Published:

20 May 2025 1:19 PM IST

എറണാകുളത്ത് മൂന്നുവയസുകാരിയെ അമ്മ എറിഞ്ഞ് കൊന്നത് തന്നെയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്‌
X

കൊച്ചി: എറണാകുളത്ത് മൂന്നുവയസുകാരിയെ അമ്മ എറിഞ്ഞ് കൊന്നത് തന്നെയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്‌. മൃതദേഹത്തിൽ മറ്റു ബാഹ്യപരിക്കുകളില്ലെന്നും ചെവിക്ക് പുറകിൽ നേരിയ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. പുഴയിലേക്ക് എറിഞ്ഞപ്പോൾ എവിടെയെങ്കിലും ഉരഞ്ഞതാകാം എന്നാണ് നിഗമനം.

പോസ്റ്റുമോർട്ടത്തിലും ആന്തരികാവയവങ്ങളുടെ പരിശോധനയിലും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ സന്ധ്യക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ടോർച്ചെടുത്ത് തലക്കടിച്ചും, ഐസ്ക്രീമിൽ വിഷം ചേർത്തും സന്ധ്യ നേരത്തെയും മകളെ കൊല്ലാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ടാണ് മൂന്നരവയസുകാരി കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ബസ് യാത്രക്കിടെ കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം സന്ധ്യ പറഞ്ഞത്. പൊലീസ് ചോദ്യം ചെയ്തപ്പോഴും ആദ്യം ഇതുതന്നെ പറഞ്ഞെങ്കിലും പുഴയിലെറിഞ്ഞെന്ന് പിന്നീട് മൊഴി നല്‍കി. കുട്ടിയുമായി സന്ധ്യ പോകുന്ന സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. സന്ധ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്.ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുകയും ചെയ്തു.

അതിനിടെ സന്ധ്യയുടെ മാനസികനില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പരിശോധനക്കായി ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലേക്ക് ഡോക്ടറെ എത്തിക്കും.സന്ധ്യയെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. കൊലപാതകത്തിന് ശേഷവും സന്ധ്യക്ക് കൂസലൊന്നുമില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടിലെത്തിയ സന്ധ്യ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story