Quantcast

ഹൈദരാബാദിൽനിന്ന് വിമാനത്തിലെത്തും, ആദ്യം പത്മനാഭസ്വാമി ദർശനം, പിന്നീട് വീട്ടിൽക്കയറി കവർച്ച

ഹൈദരാബാദിൽ നിന്ന് മൂന്നാം തവണ തിരുവനന്തപുരത്തെത്തിയപ്പോഴാണ് സമ്പതി ഉമാ പ്രസാദ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    5 July 2023 2:08 PM GMT

Interstate thief Sampathi Uma Prasad arrested for massive robbery at three places in Thiruvananthapuram
X

തിരുവനന്തപുരത്ത് മൂന്നിടത്ത് വൻ കവർച്ച നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് ആന്ധ്ര ഖമ്മം സ്വദേശി സമ്പതി ഉമാ പ്രസാദ് പിടിയിലായിരിക്കുകയാണ്. ഏറെ കൗതുകം നിറഞ്ഞതാണ് ഇയാളുടെ മോഷണശൈലി. ആദ്യം മെയ് 28 ന് ഹൈദരാബാദിൽനിന്ന് വന്ന് മോഷണത്തിന് പറ്റിയ വീടുകൾ കണ്ടെത്തി ജൂൺ രണ്ടിന് മടങ്ങുകയായിരുന്നു. ജൂൺ ആറിന് വീണ്ടും വന്ന് ഫോർട്ട്, പേട്ട പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വീടുകൾ കുത്തിത്തുറന്ന് വൻ കവർച്ച നടത്തി. പിന്നീട് ചിലയിടങ്ങളിൽ കറങ്ങി ജൂലൈ ഒന്നിന് മടങ്ങി. വീണ്ടും കേരളത്തിലെത്തിയതോടെയാണ് തിരുവനന്തപുരം എയർപോർട്ടിൽ വെച്ച് പിടിയിലായത്. സിസിടിവി കേന്ദ്രീകരികരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്.

ഹൈദരാബാദിൽനിന്ന് വിമാനത്തിലെത്തി ആദ്യം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുകയും പിന്നീട് ആസൂത്രണം ചെയ്തുവെച്ച വീട്ടിൽക്കയറി കവർച്ച നടത്തുകയും വിമാനത്തിൽ തന്നെ സ്വദേശത്തേക്ക് തിരിച്ചുപോകുകയുമായിരുന്നു പ്രസാദിന്റെ രീതിയെന്നാണ് പൊലീസ് പറയുന്നത്. പേട്ടയിൽ വീട് കുത്തിത്തുറന്ന് ഡയമണ്ട് ആഭരണം കവർന്നതും ഇയാളാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.


ഹൈദരാബാദിൽ നിന്ന് മൂന്നാം തവണ തിരുവനന്തപുരത്തെത്തിയപ്പോഴാണ് സമ്പതി ഉമാ പ്രസാദ് പിടിയിലായത്. പ്രതി താമസിച്ചിരുന്ന ഹോട്ടലിൽ നൽകിയ രേഖയിൽ നിന്ന് ഇയാളെ തിരിച്ചറിഞ്ഞു. അന്വേഷണം തുടരവേയാണ്, കൂടുതൽ പ്ലാനുമായി പ്രതി വീണ്ടും തിരുവനന്തപുരത്തെത്തുന്നു എന്ന വിവരം ലഭിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് മോഷണമെന്ന് കണ്ടെത്തി.

പേട്ടയിൽ നിന്ന് 5,27,000 രൂപയുടെ വജ്രാഭരണങ്ങളും, ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 50,000ത്തിന്റെയും 27,000 രൂപയുടെയും ആഭരണമാണ് മോഷ്ടിച്ചത്. സംസ്ഥാനത്തിനകത്ത് ഇയാൾ കൂടുതൽ കേസുകളിൽ പ്രതിയാണോയെന്ന കാര്യം പരിശോധിച്ചു വരികയാണ് പൊലീസ്.

Interstate thief Sampathi Uma Prasad arrested for massive robbery at three places in Thiruvananthapuram

TAGS :

Next Story