പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ചു; പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് പിടിയിൽ
വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവായ ഷെരീഫാണ് പിടിയിലായത്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ച കേസിൽ ഒരാൾ പിടിയിൽ. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവായ ഷെരീഫാണ് പിടിയിലായത്.
പെരുമ്പാവൂരിൽ മൊബൈൽ കട നടത്തുന്ന അൻവർ, മുനീറുൽ എന്നിവരെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി 20 പേർ ചേർന്ന് മർദിച്ചുവെന്നാണ് പരാതി. വ്യാജ പരാതിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭായ് കോളനി എന്ന് പേരുള്ള സ്ഥലത്ത് മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഷെരീഫിന്റെ നേതൃത്വത്തിൽ മർദിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനിയിൽ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്നും മൊബൈൽ ഷോപ്പിന്റെ മറവിൽ ഇവരും മയക്കുമരുന്ന് വിൽക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാർ ഇവരെ മർദിച്ചത്.
മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന ജനകീയ സമിതി അംഗങ്ങൾക്കെതിരെ വ്യാജ പരാതിയിൽ കേസെടുക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തിയത്. ജനകീയ മുന്നണിയുടെ പ്രവർത്തനം ഇഷ്ടമില്ലാത്ത ചിലരാണ് പരാതി നൽകിയതെന്നും നാട്ടുകാർ പറഞ്ഞു.
Adjust Story Font
16

