Quantcast

'വാഗ്ദാനങ്ങള്‍ പാലിച്ചതാണോ കുറ്റം?'; സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്

'അസാധ്യമായതെല്ലാം ഇടത് സര്‍ക്കാര്‍ സാധ്യമാക്കി'

MediaOne Logo

Web Desk

  • Published:

    11 Feb 2026 5:13 PM IST

Is it a crime to keep promises MB Rajesh responds
X

പാലക്കാട്: തുടര്‍ഭരണം അപകടമാണെന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. ഇടതുപക്ഷം വന്നാല്‍ എന്താണ് പ്രശ്‌നമെന്നും വാഗ്ദാനങ്ങള്‍ പാലിച്ചതാണോ കുറ്റമെന്നും മന്ത്രി ചോദിച്ചു. പത്ത് കൊല്ലത്തെ ഭരണത്തില്‍ വലിയ നേട്ടങ്ങളുണ്ടായി. അസാധ്യമായതെല്ലാം സാധ്യമാക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി രാജേഷ് പറഞ്ഞു.

'ഇടതുപക്ഷം വീണ്ടും വന്നാല്‍ എന്താണ് പ്രശ്‌നം? പത്ത് കൊല്ലത്തെ ഇടതുപക്ഷ ഭരണം നമ്മുടെ മുന്‍പിലുണ്ടല്ലോ. അഞ്ച് ലക്ഷം ആളുകള്‍ക്ക് വീട് കൊടുത്തത് മോശം കാര്യമാണെങ്കില്‍ അവര്‍ പറയട്ടെ. പെന്‍ഷന്‍ 2000 ആയി കൂട്ടിയത് മോശമാണെങ്കില്‍ അത് പറയട്ടെ. സ്ത്രീ സുരക്ഷാ പദ്ധതി കൊണ്ടുവന്നു. സര്‍ക്കാര്‍ സ്‌കൂളുകള്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ആരോഗ്യമേഖലയിലുണ്ടായ മാറ്റം ദുഷിപ്പാണോ? പത്ത് കൊല്ലത്തെ ഭരണത്തില്‍ ഉണ്ടായതാണ് ഇതെല്ലാം. എന്താണ് ഇടതുപക്ഷ ഗവര്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്ന് തുടര്‍ഭരണം വേണ്ടെന്നു പറയുന്ന ആളുകള്‍ പറയട്ടെ. ആശമാര്‍ക്ക് കേന്ദ്രം വേതനം വര്‍ധിപ്പിച്ചില്ലല്ലോ. ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങള്‍ക്ക് അറിയാം. ആശമാരെ ഇപ്പോള്‍ കാണുന്നില്ലല്ലോ. കേന്ദ്രത്തിന് എതിരെ എന്തുകൊണ്ട് അവര്‍ സമരം ചെയ്തില്ല. വാഗ്ദാനം പാലിച്ചാലും കുറ്റം. പാലിച്ചില്ലെങ്കിലും കുറ്റം. കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ നാലേമുക്കാല്‍ കൊല്ലം കേന്ദ്രം കേരളത്തെ വരിഞ്ഞ് മുറുക്കി. എന്നിട്ടും കേരളം വാഗ്ദാനങ്ങള്‍ പാലിച്ചു. അസാധ്യമായതെല്ലാം സാധ്യമാക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്' -മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

വിസ്മയം സംഭവിക്കും എന്ന് പറഞ്ഞിട്ട് എന്തായെന്ന് മന്ത്രി ചോദിച്ചു. പാരഡി പാട്ടിനെ കുറിച്ച് പ്രതിപക്ഷം ഇപ്പോള്‍ ഒന്നും പറയുന്നില്ലല്ലോ. വിഎസിന്റെ മുന്‍ പിഎ മത്സരിക്കും എന്ന വാര്‍ത്തയില്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി പറഞ്ഞു. പലതും കേള്‍ക്കും. അതിനെ കുറിച്ച് പ്രതികരിക്കാന്‍ ഇല്ല. പാലക്കാട് ഇടതിന്റെ കോട്ടയാണെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story