രണ്ടാം ഘട്ട വെടിനിർത്തൽ: ചർച്ചയിൽ പുരോഗതിയില്ല, ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ ഉടൻ യോഗം ചേരും
ആദ്യഘട്ട കരാറിന്റെ ഭാഗമായി നെറ്റ്സരിം ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പൂർണമായി പിൻവാങ്ങിയതോടെ കൂടുതൽ ഫലസ്തീൻകാർ തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തി

ഗസ്സ സിറ്റി: രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചയിൽ തീരുമാനം കൈക്കൊള്ളാൻ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം ഉടൻ യോഗം ചേരും. ഖത്തർ തലസ്ഥാനമായ ദോഹയിൽ തുടക്കം കുറിച്ച രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകളിൽ ഇതുവരെ പുരോഗതിയില്ല. ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ രണ്ടു നാൾക്കകം യോഗം ചേർന്നാകും വെടിനിർത്തൽ തുടർച്ച സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. ഗസ്സയിൽ ആക്രമണം പുനരാരംഭിക്കണമെന്ന തീവ്ര വലതുപക്ഷ മന്ത്രിമാരുടെ സമ്മർദം തുടരവെ, പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.
എല്ലാ ബന്ദികളുടെയും മോചനം ഉറപ്പാക്കുക ലക്ഷ്യമാണെന്ന് യു.എസ് പര്യടനം കഴിഞ്ഞ് ഇസ്രായേലിൽ തിരിച്ചെത്തിയ നെതന്യാഹു പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പു വരുത്താൻ അമേരിക്ക എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ നെതന്യാഹു, ട്രംപിന്‍റെ ഗസ്സ പദ്ധതി നടപ്പാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ആദ്യഘട്ടത്തിലെ അഞ്ചാം ബന്ദിമോചനവും ഫലസ്തീനി തടവുകാരുടെ കൈമാറ്റവും പൂർത്തിയായതോടെ ചർച്ചകൾക്കായി ഇസ്രായേൽ പ്രതിനിധി സംഘം ദോഹയിലെത്തി.
അവശേഷിച്ച 76 ബന്ദികളെ കൂടി ഹമാസ് കൈമാറേണ്ടതുണ്ടെന്ന് ഇസ്രായേൽ പ്രസിഡന്‍റ് അറിയിച്ചു. ആദ്യഘട്ട കരാറിന്റെ ഭാഗമായി നെറ്റ്സരിം ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പൂർണമായി പിൻവാങ്ങിയതോടെ കൂടുതൽ ഫലസ്തീൻകാർ തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തി. ഗസ്സയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വേർതിരിക്കുന്നതാണ് നെറ്റ്സരിം ഇടനാഴി. ഫലസ്തീനികളെ ഗൾഫ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ഇസ്രായേൽ ഊർജ മന്ത്രി എലി കൊഹൻ ആവശ്യപ്പെട്ടു. ഭൂമുഖത്ത് ഒരു ശക്തിക്കും ഫലസ്തീനികളെ പുറന്തള്ളാനാകില്ലെന്ന് തുർക്കി പ്രസിഡന്‍റ ഉർദുഗാൻ പറഞു.
അതേസമയം, വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഞായറാഴ്ച നൂർ ശംസ് അഭയാർഥി ക്യാമ്പിനുനേരെ നടത്തിയ ആക്രമണത്തിൽ 23കാരിയായ ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.
Adjust Story Font
16

