Quantcast

നിയമസഭയിൽ മൂന്ന് ടേമെന്ന വ്യവസ്ഥക്ക് മുസ്‌ലിം ലീഗ്; ഇളവ് നേടാനുള്ള സമ്മർദവുമായി നേതാക്കൾ; പ്രിയങ്ക ഗാന്ധിയെ ഇറക്കാൻ പി.കെ ബഷീർ

മൂന്ന് ടേം വ്യവസ്ഥ കർശനമാക്കി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായം യൂത്ത് ലീഗില്‍ നിന്ന് ഉയരുന്നുണ്ട്

MediaOne Logo

രാഷ്ട്രീയകാര്യ ലേഖകന്‍

  • Updated:

    2025-02-09 06:38:48.0

Published:

9 Feb 2025 11:27 AM IST

നിയമസഭയിൽ മൂന്ന് ടേമെന്ന വ്യവസ്ഥക്ക് മുസ്‌ലിം ലീഗ്; ഇളവ് നേടാനുള്ള സമ്മർദവുമായി നേതാക്കൾ; പ്രിയങ്ക ഗാന്ധിയെ ഇറക്കാൻ പി.കെ ബഷീർ
X

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവർ മാറി നില്‍ക്കണമെന്ന വ്യവസ്ഥ മുസ്‌ലിം ലീഗ് നടപ്പാക്കാനുള്ള സാധ്യത ഏറിയതോടെ 'ഇര'കളാകുന്ന നേതാക്കള്‍ക്ക് ആശങ്ക.

പി.കെ കുഞ്ഞാലിക്കുട്ടി(വേങ്ങര), എം.കെ മുനീർ(കൊടുവള്ളി), പി.കെ ബഷീർ(ഏറനാട്), മഞ്ഞളാംകുഴി അലി(മങ്കട), പി.ഉബൈദുല്ല(മലപ്പുറം),എന്‍.എ നെല്ലിക്കുന്ന്(കാസർഗോഡ്), അഡ്വ. എന്‍ ഷംസുദ്ദീന്‍(മണ്ണാർക്കാട്) എന്നീ ഏഴു പേരാണ് മൂന്ന് തവണയോ അതില്‍ കൂടുതലോ തുടർച്ചയായി എംഎല്‍എ ആയവർ.

പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇളവ് നല്‍കും. എം.കെ മുനീറിന് മത്സരിക്കാന്‍ ആരോഗ്യം അനുവദിക്കുമെങ്കില്‍ ഇളവ് നല്‍കാമെന്നതാണ് നേതൃത്വത്തില്‍ നിലവിലുള്ള ധാരണ. പി.കെ ബഷീർ , മഞ്ഞളാംകുഴി അലി, എന്‍.എ നെല്ലിക്കുന്ന്, പി ഉബൈദുല്ല, അഡ്വ. എന്‍ ഷംസുദ്ദീന്‍ എന്നീ അഞ്ചു പേർക്ക് അവസരം നിഷേധിക്കാന്‍ സാധ്യത ഏറെയാണ്. മികച്ച പാർലമെന്റേറിയനായ അഡ്വ. എന്‍ ഷംസുദ്ദീന് അവസരം നല്‍കുകയും ഭരണം കിട്ടിയാല്‍ മന്ത്രിയാക്കുകയും വേണമെന്ന് അഭിപ്രായം പാർട്ടിയിലുണ്ട്.


പി.കെ കുഞ്ഞാലിക്കുട്ടി-എം.കെ മുനീർ-പി ഉബൈദുല്ല- എൻ.എ നെല്ലിക്കുന്ന്‌

ഇളവ് നേടി ഒരിക്കല്‍ കൂടി മത്സരിക്കാനുള്ള ശ്രമം കൂട്ടത്തില്‍ ചിലർ ശക്തമായി തന്നെ നടത്തുന്നുമുണ്ട്. മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നത് ഒഴിവാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഏറനാട് എംഎല്‍എ പി.കെ ബഷീറാണ് സീറ്റുറപ്പിക്കാനായി ശക്തമായ സമ്മർദ നീക്കങ്ങള്‍ നടത്തുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം വ്യവസ്ഥ 2020ല്‍ തന്നെ മുസ്‌ലിം ലീഗ് നടപ്പാക്കിയതാണ്. ഇത്തവണയും ഈ വ്യവസ്ഥ ബാധകമാക്കണമെന്ന് മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ നേതൃയോഗങ്ങളില്‍ അഭിപ്രായമുയർന്നിട്ടുണ്ട്. എന്നാല്‍ ഈ അഭിപ്രായത്തെ ശക്തമായി എതിർക്കാന്‍ മുന്നിലുണ്ടായിരുന്നത് ഏറനാട് എംഎല്‍എ പി.കെ ബഷീറായിരുന്നു.

തദ്ദേശ സ്ഥാപനങ്ങളില്‍ കഴിവില്ലാത്ത നേതൃത്വം വരുമെന്നായിരുന്നു ബഷീറിന്‍റെ ന്യായം. എന്നാല്‍ മൂന്ന് ടേം വ്യവസ്ഥ തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടരണമെന്ന നിലപാടാണ് സാദിഖലി തങ്ങള്‍ അടക്കമുള്ളവർക്ക് ഉള്ളത്. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്ന് ടേം കടമ്പയാണ് ബഷീറിന്‍റെ എതിർപ്പിനു പിന്നിലെ ചേതോവികാരമെന്ന് നേതാക്കള്‍ കരുതുന്നുണ്ട്.


സാദിഖലി ശിഹാബ് തങ്ങൾ

കോണ്‍ഗ്രസിന്‍റെ സ്പോണ്‍സർഷിപ്പ് പ്രതീക്ഷിച്ച് ബഷീർ

നാലാം തവണയും പി.കെ ബഷീറിന് മത്സരിക്കണമെങ്കില്‍ മുസ്‌ലിം ലീഗ് നേതൃത്വം ഇളവ് നല്‍കാതെ തരമില്ല. പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറുമല്ലാതെ മൂന്നാമതൊരാള്‍ക്ക് ഇളവ് ലഭിക്കാനുള്ള സാധ്യത വിരളമാണ്.

പ്രിയങ്കാ ഗാന്ധിയെയും കെ.സി വേണുഗോപാലിനെയും സ്വാധീനിച്ച് ലീഗ് നേതൃത്വത്തില്‍ സമ്മർദം ചെലുത്തി സീറ്റുറപ്പിക്കാനുള്ള ശ്രമത്തിലാണ് പി.കെ ബഷീർ. വയനാട് മണ്ഡലത്തിലെ യുഡിഎഫ് എംഎല്‍എ എന്ന അവസരമുപയോഗിച്ച് പ്രിയങ്കയുമായും വേണുഗോപാലുയുമായും ബന്ധം സ്ഥാപിക്കാന്‍ ബഷീറിന് കഴിഞ്ഞിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി-പി.കെ ബഷീര്‍- രാഹുല്‍ ഗാന്ധി

തനിക്ക് ഇളവ് ചോദിച്ച് പ്രിയങ്കയും കെ.സിയും ലീഗ് നേതൃത്വത്തെ സമീപിക്കണമെന്നാണ് ബഷീറിന്‍റെ ആഗ്രഹം. കഴിഞ്ഞ മാസം 27 ന് പ്രിയങ്കാഗാന്ധിയെ അവരുടെ ഡല്‍ഹിയിലെ ഓഫീസില്‍ പി.കെ ബഷീർ സന്ദർശിച്ചിരുന്നു. 28ന് വയനാട് മണ്ഡലത്തിലെത്തുന്ന പ്രിയങ്കയെ തലേദിവസം ഡല്‍ഹിയില്‍ പോയി കണ്ടത് സീറ്റുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനായിരുന്നുവെന്നാണ് വിവരം.

ബഷീറിന്റെ നീക്കത്തെ കുറിച്ച് സാദിഖലി തങ്ങള്‍ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കും ധാരണയുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നതിനോട് ലീഗ് നേതൃത്വത്തിന് താത്പര്യക്കുറവുണ്ട്.

ഷംസുദ്ദീന് ഇളവ് കിട്ടുമോ?

മികച്ച നിയമസഭാ സാമാജികനായ അഡ്വ. എന്‍ ഷംസുദ്ദീന്‍ പാർട്ടിയുടെ പ്രധാന മുഖമായി മാറിയിട്ടുണ്ട്. 2021ല്‍ യുഡിഎഫിന് ഭരണം ലഭിച്ചിരുന്നെങ്കില്‍ മന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്ന നേതാവുമാണ്. നിയമസഭയിലെ പ്രകടനം പരിഗണിച്ച് ഷംസുദ്ദീന് ഒരു ടേം കൂടി അനുവദിക്കണമെന്ന അഭിപ്രായം പാർട്ടിയിലെ ചിലർക്കുണ്ട്.

അഡ്വ എന്‍. ശംസുദ്ദീന്‍

പി.കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ആള്‍ കൂടിയായ ഷംസുദ്ദീന് ഇളവ് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. ' പാർട്ടിയാണ് മൂന്ന് തവണ മത്സരിക്കാന്‍ അവസരം തന്നത്. പാർട്ടി പറഞ്ഞാല്‍ മത്സരിക്കും. മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ അതും അനുസരിക്കും' എന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ഷംസുദ്ദീന്‍ മീഡിയവണിനോട് പ്രതികരിച്ചത്.

മഞ്ഞളാംകുഴി ഇളവ് പ്രതീക്ഷിക്കുന്നു

മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലി, ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മങ്കടയില്‍ വീണ്ടും മത്സരിക്കാനുള്ള ലക്ഷ്യംവെച്ച് അദ്ദേഹം മുന്നൊരുക്കം തുടങ്ങിക്കഴിഞ്ഞു.

അതേസമയം മലപ്പുറം എംഎല്‍എ പി.ഉബൈദുല്ലയും കാസർഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്നും വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടു പേരും ടേം ഇളവിന് ശ്രമിക്കുന്നതായി വിവരമില്ല. മൂന്ന് ടേം വ്യവസ്ഥ മറികടന്ന് വീണ്ടും മത്സരിക്കാന്‍ ആഗ്രമഹുള്ളവർ അതിനെ മറികടക്കാൻ സംയുക്തമായി തന്ത്രം മെനയുന്നുണ്ട്.

എന്നാല്‍, മൂന്ന് ടേം വ്യവസ്ഥ കർശനമാക്കി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായം യൂത്ത് ലീഗില്‍ നിന്ന് ഉയരുന്നുണ്ട്. ഈ മാസം 20ന് ചേരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചർച്ച ചെയ്യാന്‍ സാധ്യതയുണ്ട്.

TAGS :

Next Story